29 November, 2022 08:00:27 PM


തമിഴ്നാട് പൊലീസെടുത്ത വിദ്യയുടെയും മകളുടെയും ചിത്രം സഹോദരി തിരിച്ചറിഞ്ഞു



തിരുവനന്തപുരം: പതിനൊന്ന് വർഷം മുമ്പ് കാണാതായ യുവതിയുടെയും മകളുടെയും ചിത്രങ്ങൾ സഹോദരി തിരിച്ചറിഞ്ഞു. ഊരൂട്ടമ്പലം സ്വദേശിനി വിദ്യയുടെയും ഒന്നര വയസുള്ള മകളുടെയും ചിത്രമാണ് വിദ്യയുടെ സഹോദരി ശരണ്യ തിരിച്ചറിഞ്ഞത്. കുളച്ചൽ തീരത്ത് 11 വർഷം മുൻപ് കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്‍റെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു.

വിദ്യയെയും മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കാമുകൻ മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചിരുന്നു. തമിഴ്നാട്ടിൽവെച്ചാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് തമിഴ്നാട് പൊലീസുമായി കേരള പൊലീസ് ബന്ധപ്പെടുകയായിരുന്നു. 11 വർഷം മുമ്പ് കുളച്ചൽ തീരത്തുനിന്ന് ലഭിച്ച യുവതിയുടെയും മകളുടെയും മൃതദേഹത്തിന്‍റെ ചിത്രം തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നത് അന്വേഷണസംഘത്തിന് ലഭ്യമാക്കി. തുടർന്ന് ശരണ്യയെ ചിത്രം കാണിച്ച് മൃതദേഹം വിദ്യയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

2011 ഓഗസ്റ്റ് 18 മുതലാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. കാണാതായ ദിവസം തന്നെയാണ് മാഹിൻകണ്ണ് വിദ്യയെയും മകളെയും കൊന്നത്. കൊലപാതകവിവരം മാഹിൻകണ്ണിന്‍റെ ഭാര്യ റൂഖിയയ്ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൂലിപ്പണിക്കാരനായ ജയചന്ദ്രന്‍റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശിയായ മാഹിൻകണ്ണുമായി വിദ്യ പ്രണയത്തിലായിരുന്നു. മറ്റൊരു ഭാര്യയും മക്കളും ഉള്ള വിവരം മറച്ചുവെച്ച്, മനു എന്ന പേരിലാണ് മാഹിൻകണ്ണ് വിദ്യയുമായി പ്രണയത്തിലായത്. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ വീട് വിട്ടിറങ്ങിയ വിദ്യയും മാഹിൻകണ്ണും മലയിൻകീഴിനടുത്ത് വാടകവീടെടുത്ത് താമസം ആരംഭിച്ചു. വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് വിദ്യ പലതവണ ആവശ്യപ്പെട്ടെങ്കിലും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2001 മാർച്ചിൽ വിദ്യ പെൺകുഞ്ഞിനെ പ്രസവിച്ചു.

ഒന്നര വർഷത്തിനുശേഷം മാഹിൻകണ്ണ് നാട്ടിൽ തിരിച്ചെത്തി. ഈ സമയത്താണ് ഇയാൾക്ക് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന വിവരം വിദ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. അതിനിടെ വേളാങ്കണ്ണിയിലേക്കെന്ന് പറഞ്ഞ് വിദ്യയെയും മകളെയും ബൈക്കിൽ കയറ്റികൊണ്ടുപോയി. വിദ്യയെ ബൈക്കിൽ കൊണ്ടുപോകുന്നത് സഹോദരി കണ്ടിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ഇതിനുശേഷം ആരും വിദ്യയെയും മകളെയും കണ്ടിട്ടില്ല. മകളെ കാണാതായി നാല് ദിവസം കഴിഞ്ഞപ്പോൾ വിദ്യയുടെ മാതാപിതാക്കൾ മാറാനെല്ലൂർ പൊലീസിലും പൂവാർ പൊലീസിലും പരാതി നൽകി.

തുടർന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, വിദ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നാണ് അറിയിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻകണ്ണിനെ പൊലീസ് വിട്ടയച്ചു. എന്നാൽ ഇതിന് ശേഷം ഇയാളെ വീണ്ടും കാണാതായി. പിന്നീട് നാട്ടിലെത്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെ ഇയാളെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിൽ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാട്ടി ഇയാൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഉത്തരവ് നേടിയ മാഹിൻകണ്ണ് പിന്നീട് അന്വേഷണവുമായി സഹകരിച്ചിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K