21 November, 2022 11:17:27 PM


'പെഴ്സണല്‍ സ്റ്റാഫിൽ ഒരാളെ പോലും അധികം നിയമിച്ചിട്ടില്ല'; വിശദീകരണവുമായി രാജ്ഭവന്‍



തിരുവനന്തപുരം: അനുവദനീയമായ എണ്ണത്തിലുള്ള പെഴ്സണൽ സ്റ്റാഫ് അല്ലാതെ ഒരാളെപോലും അധികമായി നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഗവർണർ എഴുതിയ കത്തു പുറത്തു വന്നതോടെയാണ് രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നതിനു വളരെ വർഷങ്ങൾക്കു മുൻപുതന്നെ രാജ്ഭവനിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് കുടുംബശ്രീ ജീവനക്കാർ. ഇവരെ സ്ഥിരപ്പെടുത്തണമെന്നാണ് 2020 ഡിസംബർ 29ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.

23 വർഷമായി രാജ്ഭവനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫറെ പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സൈഫർ അസിസ്റ്റന്‍റിന്‍റെ നിലവിലുള്ള പോസ്റ്റിൽ നിയമനം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. 10 വർഷം സേവനകാലയളവുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത്. ഗവർണറുടെ പെഴ്സണൽ സ്റ്റാഫിന് പെന്‍ഷൻ ലഭിക്കാറില്ലെന്നും പെഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അതേസമയം, ഇഷ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശുപാർശകത്ത് നൽകിയ ഗവർണറുടെ നടപടിയിൽ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ സമാഗ്രാന്വേഷണം നടത്തണമെന്നും ഗവർണർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ആവശ്യപ്പെട്ടു. 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവർണർ നൽകിയ ശുപാര്‍ശ കത്ത് പുറത്തുവന്നതിന് പിന്നാലെ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാസിരിക്കുകയായിരുന്നു ഷിജു ഖാൻ. മാർച്ച് രാജ്ഭവൻ പരിസരത്ത് പൊലീസ് തടഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K