11 November, 2022 05:00:25 PM
കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിലൂടെ മാതൃകാ കൃഷിത്തോട്ട രൂപീകരണം: അപേക്ഷ ഇപ്പോള്‍
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണം പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ഇപ്പോൾ കൃഷിഭവനുകളിൽ സമർപ്പിക്കാം. കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി, തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയാറാക്കി നൽകും. ഇതിലൂടെ ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് ലക്ഷ്യമിടുന്നു.
10 സെന്‍റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും, പുതിയതായി കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിലുള്ള കൃഷി / കൃഷി അനുബന്ധ പ്രവർത്തികൾ മെച്ചപ്പെടുത്തുന്നതിനും, കൂടാതെ പുതിയതായി മൂന്നിലധികം ഘടകങ്ങൾ (പോഷകത്തോട്ടം, പച്ചക്കറി കൃഷി, മത്സ്യകൃഷി, ആട് വളർത്തൽ, പശു വളർത്തൽ മുതലായവ) തങ്ങളുടെ കൃഷിയിടത്തിൽ അനുവർത്തിക്കാൻ താല്പര്യമുള്ള കർഷകർക്ക് മുൻഗണന നൽകുന്നതാണ്.
ആകെ 10 കൃഷിയിടങ്ങളാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുക. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 2022 - 23 വർഷത്തെ കരമടച്ച രസീതിന്‍റെ പകർപ്പ്, ആധാറിന്‍റെ പകർപ്പ് എന്നിവ സമർപ്പിക്കണമെന്ന് ഉഴവൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു. അവസാന തീയതി - നവംബര്‍ 19
,