14 July, 2022 09:02:55 PM


ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു; രോഗം കൊല്ലം സ്വദേശിയില്‍



തിരുവനന്തപുരം: കേരളത്തിൽ വാനര വസൂരി അഥവാ മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിലെ ആദ്യ കേസാണ് ഇന്ന് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ജൂലായ് 12-നാണ് ഇദ്ദേഹം യുഎഈയിൽ നിന്ന് കേരളത്തിൽ എത്തിയത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ അച്ഛനും അമ്മയും ഐസൊലേഷനിലാണ്.  ആരുമായും അടുത്ത സമ്പർക്കമില്ലെന്നാണ് രോഗി അറിയിച്ചതെങ്കിലും വിമാനത്തിലുണ്ടായിരുന്ന 11 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. മാതാപിതാക്കളും ഓട്ടോ-ടാക്‌സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് രോഗി.

രോഗം പകരുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മങ്കിപോക്സ് പകർച്ചവ്യാധിയാണ്. അതിനാൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്കാണ് പകരാൻ സാധ്യത. ശരീര സ്രവം വഴിയും രോഗം പകരും. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗം പകരുന്നത് ഇങ്ങനെ...


രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്‍റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നത്.

രോഗ ലക്ഷണങ്ങള്‍


പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജക്ടിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്‍റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ച് രോഗത്തിന്‍റെ ഗുരുതരാവസ്ഥയിൽ മാറ്റം വരാം. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്‍റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K