13 July, 2022 12:01:31 AM


ലോകത്തിന് ഭീഷണി ഉയര്‍ത്തി വീണ്ടും മാര്‍ബര്‍ഗ് വൈറസ്; 90 ശതമാനം മരണസാധ്യത



ജനീവ : ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്ര സമൂഹം കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതു ബാധിക്കുന്നവരില്‍ 90 ശതമാനമാണ് മരണസാധ്യത. കടുത്ത പനി, പേശീവേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങള്‍.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ രണ്ടു പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇവര്‍ രണ്ടു പേരും മരിച്ചു. ആദ്യമായാണ് ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും കഴിഞ്ഞവര്‍ഷം മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു. ശ്രദ്ധ വേണമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഘാനയിലെ ആരോഗ്യസംഘത്തിന് സഹായത്തിനായി വിദഗ്ദരെ ഏര്‍പ്പാടു ചെയ്തുവെന്നും ഡബ്യൂഎച്ച്ഒ അറിയിച്ചു. 

1967ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്‌സീന്‍ ലബോറട്ടറികളില്‍ ജോലി ചെയ്തവരായിരുന്നു രോഗികള്‍. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളില്‍ വൈറസ് ബാധയുണ്ടായി. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളില്‍ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K