08 June, 2022 08:40:39 PM
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കൽ: മാർഗനിർദ്ദേശങ്ങളായി
കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുറത്തിറക്കി. 12 വയസിനു മുകളിലുള്ള എല്ലാ കുട്ടികളും ജൂൺ 15നകം കോവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും സ്‌കൂളുകളിലെ കോവിഡ് വ്യാപനവും ക്ലസ്റ്റർ രൂപപ്പെടലും തടയാൻ സ്‌കൂൾ അധികൃതരുടെ പൂർണ സഹകരണം ആവശ്യമാണെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
മാർഗനിർദ്ദേശങ്ങൾ
- 12 വയസ് പൂർത്തിയായാലുടൻ കുട്ടിക്ക് വാക്‌സിൻ സ്വീകരിക്കാം. ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
- എല്ലാ ക്ലാസ് ടീച്ചർമാരും ജൂൺ മാസത്തെ ഹാജർ പുസ്തകത്തിൽ വാക്‌സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തണം. ഒരു ഡോസ് സ്വീകരിച്ച കുട്ടിക്ക് ഒരു ശരി അടയാളം, രണ്ടു ഡോസിന് രണ്ടു ശരി അടയാളം, 12 വയസു തികഞ്ഞിട്ടും വാക്‌സിൻ സ്വീകരിക്കാത്ത കുട്ടിക്കു ഗുണന ചിഹ്നം ( X) എന്ന രീതിയിൽ അടയാളപ്പെടുത്താം. 12 വയസ് തികയാത്ത കുട്ടിയുടെ നമ്പരിനു ചുട്ടും വൃത്തം അടയാളപ്പെടുത്താം.
- വാക്‌സിൻ നടപടികൾ ജൂൺ 10 നകം പൂർത്തിയാക്കി അന്നുതന്നെ ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന ഓൺലൈൻ ഗൂഗിൾ ഷീറ്റ് അഥവാ ഗൂഗിൾ ഫോം എന്നിവയിൽ അപ് ലോഡ് ചെയ്യണം.
- 50 കുട്ടികളിലധികം വാക്‌സിൻ സ്വീകരിക്കാനുണ്ടെങ്കിൽ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് സ്‌കൂളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം. വാക്‌സിനേഷൻ, രജിസ്‌ട്രേഷൻ, നിരീക്ഷണം, തിരക്ക് നിയന്ത്രിക്കൽ എന്നിവയ്ക്ക് മതിയായ സൗകര്യം സ്‌കൂൾ ഒരുക്കണം.
- 50 കുട്ടികളിൽ കുറവാണ് വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളതെങ്കിൽ അവരെ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിച്ച് വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കണം.
- വാക്‌സിൻ സ്വീകരിക്കുന്ന കുട്ടികൾ ആധാർ കാർഡിന്റെ പകർപ്പ്, രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരാൻ പ്രത്യേകം നിർദ്ദേശം നൽകണം.
- വാക്‌സിനേഷൻ വിവരം രക്ഷകർത്താക്കളെ മുൻകൂട്ടി അറിയിക്കാം. രക്ഷകർത്താക്കളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമില്ല. ഏതെങ്കിലും രക്ഷകർത്താവിന് തന്റെ കുട്ടിക്ക് വാക്‌സിൻ നൽകുന്നതിൽ എതിർപ്പുണ്ടെന്നു സ്‌കൂൾ അധികൃതരെ രേഖാമൂലം അറിയിച്ചാൽ കുട്ടിയെ താത്കാലികമായി വാക്‌സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കും. രക്ഷകർത്താവിന്റെ മൊബൈൽ ഫോൺ നമ്പർ സഹിതം ഒഴിവാക്കപ്പെട്ട വിവരം ആരോഗ്യകേന്ദ്രത്തെ രേഖാമൂലം അറിയിക്കണം.
- വാക്‌സിൻ നൽകുമ്പോൾ ഡോക്ടർ, പരിശീലനം സിദ്ധിച്ച നഴ്‌സുമാർ, വാക്‌സിൻ, മറ്റുപകരണങ്ങൾ എന്നിവ ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. തികച്ചും സുരക്ഷിതമായ വാക്‌സിനുകളാണ് സർക്കാർ നൽകുന്നതെങ്കിലും അത്യപൂർവമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അതു നേരിടാനുള്ള എല്ലാ തയാറെടുപ്പുകളോടെയുമാണ് ആരോഗ്യവകുപ്പ് സംഘം സ്‌കൂളിലെത്തുന്നത്.
- വാക്‌സിൻ നൽകുന്ന ദിവസങ്ങളിൽ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഒരു വാഹനവും ഡ്രൈവറെയും ക്രമീകരിക്കേണ്ടതാണ്.
-സ്‌കൂളിലെ കുട്ടികളുടെ വാക്‌സിനേഷൻ നിലവാരം ജൂൺ 15ന് ഉച്ചകഴിഞ്ഞ് പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറെ അറിയിക്കണം.
- മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത സ്‌കൂളിൽ കോവിഡ് വ്യാപനം ഉണ്ടാവുകയും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്താൽ സ്‌കൂൾ അധികൃതർ ഉത്തരവാദികളായിരിക്കും.