04 June, 2022 06:14:54 PM


കോട്ടയം ജില്ലയിൽ 12-14 വയസുകാരിൽ കോവിഡ് വാക്‌സിനെടുത്തത് 61 ശതമാനം


കോട്ടയം: ജില്ലയിൽ 12 മുതൽ 14 വയസുള്ള കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത് 61 ശതമാനം പേർ. 55,571 പേരിൽ 33,878 പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ 15 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ 80.6 ശതമാനം പേരും വാക്‌സിനെടുത്തു. 85,400 കുട്ടികളിൽ 68,847 പേർ വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.

18 വയസിനു മുകളിലുള്ള 15.62 ലക്ഷം പേരിൽ 15.60 ലക്ഷം പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. കുട്ടികളിൽ ഒരു വിഭാഗം വാക്‌സിൻ സ്വീകരിക്കാത്തതുമൂലം സ്‌കൂളുകളിൽ രോഗപകർച്ച ഉണ്ടാകാനും ക്ലസ്റ്ററുകൾ രൂപപ്പെടാനും അധ്യയനം തടസപ്പെടാനും സാധ്യതയുള്ളതിനാൽ എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ഉറപ്പുവരുത്തണമെന്ന് ഡി.എം.ഒ. പറഞ്ഞു. ഇതിനായി നടപടിയെടുക്കാൻ ഹയർ സെക്കൻഡറി, വിദ്യാഭ്യാസവകുപ്പ്, സഹോദയ, ഐ.സി.എസ്.ഇ. സ്‌കൂളുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകി.

കോവിഡ് മഹാമാരി കുട്ടികളുടെ പഠനത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദോഷകരമായി ബാധിച്ചിരുന്നു. ഇപ്പോഴും കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരേണ്ടതുണ്ട്. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത്തിലൂടെ മാത്രമേ രോഗപകർച്ചയും ആശുപത്രി ചികിത്സയും മരണവും പരമാവധി കുറയ്ക്കാൻ സാധിക്കൂവെന്നും ഡി.എം.ഒ. പറഞ്ഞു. 
     


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K