29 May, 2022 03:38:43 PM


ആശുപത്രികള്‍ ചികിത്സാ ചെലവിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്



തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സാച്ചെലവുകള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. നിയമം കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. തൃശ്ശൂര്‍ വേലൂപ്പാടത്തെ സുരേഷ് ചെമ്മനാടന്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതര്‍ ഈ വിവരം പറഞ്ഞിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ കോവിഡ് പരിശോധനകളുടെ ഫീസ് നിരക്കായിരിക്കും പ്രദര്‍ശിപ്പിക്കുക. പിന്നീട് മറ്റ് എല്ലാ ചികിത്സാനിരക്കുകളും പ്രദര്‍ശിപ്പിക്കുമെന്നും പറയുന്നു. രണ്ടര വര്‍ഷത്തോളം മുമ്പാണ് ചികിത്സച്ചെലവുകള്‍ പ്രദര്‍ശിപ്പിക്കാത്തതിനെതിരേ സുരേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്. 

ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പോലും മുന്‍കൂട്ടി അറിയാന്‍ സംവിധാനമില്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുരേഷ് ആരോഗ്യവകുപ്പിനയച്ച കത്തില്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയകളുടേത് ഉള്‍പ്പെടെയുള്ള ഫീസ് പ്രദര്‍ശിപ്പിക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2018-ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കണം. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളോ ക്ലിനിക്കുകളോ ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കാറില്ല. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് ബോര്‍ഡുകള്‍ രണ്ട് സ്ഥലങ്ങളിലായി സ്ഥാപിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K