25 May, 2022 06:25:39 PM
കാഡ്ബറിയുടെ ചോക്ലേറ്റില്‍ പുഴു; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ്
ബംഗളൂരു: ചോക്ലേറ്റിനുള്ളിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് പ്രശസ്ത ചോക്ലേറ്റ് നിർമാണ കമ്പനിക്ക് എതിരെ പരാതിയുമായി ഉപഭോക്താവ്. ബംഗളൂരുവിലാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ചോക്ലേറ്റ് നിർമാതാക്കൾ തനിക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ നൽകണം എന്നാണ് ഉപഭോക്താവിന്റെ ആവശ്യം. 89 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റ് ബാറുകളിൽ ഒന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്.
എന്നാൽ, 89 രൂപ വില വരുന്ന ചോക്ലേറ്റ് ബാറിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുക വളരെ കൂടുതലായതിനാൽ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ബെംഗളൂരു കോടതി പരാതിക്കാരനോട് നിർദ്ദേശിച്ചു. 2016 ഒക്ടോബർ 8നാണ് എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന മുകേഷ് കുമാർ കേദിയ അതേ പ്രദേശത്തുള്ള എംകെ റീട്ടെയിൽ സൂപ്പർമാർക്കറ്റിൽ നിന്നും കാഡ്ബറിയുടെ രണ്ട് ഫ്രൂട്സ് & നട്സ് ചോക്ലേറ്റ് ബാറുകൾ വാങ്ങുന്നത്. 89 രൂപ വില വരുന്ന ചോക്ലേറ്റ് ഉൾപ്പടെ 7,000 രൂപയുടെ സാധനങ്ങൾ അന്ന് ഇവിടെ നിന്നും വാങ്ങി. അദ്ദേഹം പിന്നീട് ഈ ചോക്ലേറ്റ് ബാറുകൾ തന്‍റെ മരുമകൾക്ക് കൊടുത്തു.
ഏതാനും ദിവസങ്ങൾക്കുശേഷം കഴിക്കാനായി തുറന്നുനോക്കിയപ്പോഴാണ് ചോക്ലേറ്റ് ബാറുകളിൽ ഒന്നിൽ പുഴുക്കളുടെ സാന്നിദ്ധ്യം കണ്ടത്. തുടർന്ന് കേദിയ പരാതിയുമായി കാഡ്ബറിയുടെ കസ്റ്റമർ ഹെൽപ്പ് ലൈനെ സമീപിച്ചു. പുഴുവരിച്ച ചോക്ലേറ്റ് ബാർ കൈമാറണമെന്ന് കസ്റ്റമർ സർവീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല പകരം തന്‍റെ പരാതി സത്യസന്ധമാണെന്ന് തെളിയിക്കാൻ പുഴുക്കളുള്ള ചോക്ലേറ്റ് ബാറിന്‍റെ ഒരു ഫോട്ടോ അവർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്.
എന്നാൽ, പരാതിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തു നിന്നും പിന്നീട് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കേദിയ 2016 ഒക്ടോബർ 26-ന് ശാന്തിനഗറിലെ ബാംഗ്ലൂർ അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സേവന അപര്യാപ്തത ചൂണ്ടികാട്ടി ഇന്ത്യാ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഗുണനിലവാര വിഭാഗം തലവൻ, കാഡ്ബറി ചോക്ലേറ്റുകളുടെ നിർമ്മാതാവ്, എംകെ റീട്ടെയിലിന്‍റെ എച്ച്എസ്ആർ ലേ ഔട്ട് ശാഖ എന്നിവർക്ക് എതിരെ കേദിയ പരാതി നൽകി. കോടതിയിൽ കേദിയയുടെ അഭിഭാഷകൻ കേസ് അവതരിപ്പിച്ചപ്പോൾ പരാതി നിസ്സാരമാണെന്നും 89 രൂപ വിലയുള്ള ചോക്ലേറ്റിന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് അമിത ലാഭമുണ്ടാക്കാനുള്ള ശ്രമമാണെന്നും കാഡ്ബറി ബ്രാൻഡിന്‍റെ ഉടമസ്ഥരായ മൊണ്ടെലെസ് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.
വാദങ്ങൾക്കും എതിർവാദങ്ങൾക്കും ശേഷം, പരാതിക്കാരൻ വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളുണ്ടെന്ന വസ്തുത ജഡ്ജിമാർ സമ്മതിച്ചു. പരാതിക്കാരൻ ഹാജരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരൻ ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക (20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ) സിറ്റി കൺസ്യൂമർ ഫോറത്തിന്‍റെ സാമ്പത്തികാധികാര പരിധിക്കുള്ളിലാണെന്ന് കോടതി അറിയിക്കുകയായിരുന്നു.