05 March, 2022 08:52:08 PM


മോഷണം ലഹരിയാക്കിയ സംഘം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് എട്ടു കേസുകൾ



കോട്ടയം: കഴിഞ്ഞ ദിവസം പൊൻപള്ളി ഭാഗത്തുനിന്ന് രാത്രിയിൽ പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് എട്ടു മോഷണ കേസുകൾ. കഴിഞ്ഞ ശിവരാത്രി ദിവസമാണ് അയർകുന്നം സ്വദേശി ശരത്ത് ശശി (23), തിരുവഞ്ചൂർ സ്വദേശി അശ്വിൻ (19) എന്നിവരെ മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊൻപള്ളി ഭാഗത്തുനിന്ന് പോലീസ് പിടികൂടിയത്. ഇവരെ  വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൂട്ടാളികളായ നാലുപേരെക്കുറിച്ചും ഇവരുമായി ചേർന്നു നടത്തിയ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും സൂചന ലഭിച്ചു. ഇവരില്‍നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ കൂട്ടാളികളായ മണർകാട് സ്വദേശികളായ ബിമൽ മണിയൻ (23), സുധീഷ് മോൻ (21), ജിബുമോൻ പീറ്റർ (22) എന്നിവർ പിടിയിലായി. കുറ്റകൃത്യങ്ങളിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെ കണ്ടെത്താനും പോലീസിനു കഴിഞ്ഞു. 

ചോദ്യം ചെയ്യലില്‍ അന്നേ ദിവസം ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള ക്‌നാനായ പള്ളിയുടെ കുരിശടിയിലുള്ള കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച കാര്യവും പൊൻപള്ളി പള്ളിയിൽ മോഷണം നടത്തിയ കാര്യവും വെളിവായി. ശരത്ത് ശശിയും അശ്വിനും മോഷണത്തിന് എത്തിയത് അയർകുന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒറവയ്ക്കൽ ഭാഗത്തുനിന്ന് മോഷ്ടിച്ചടുത്ത ബൈക്കിൽ ആണെന്നും തെളിഞ്ഞു. ഈ ബൈക്കും കണ്ടെത്തി. ഇതേ ബൈക്കിൽ അന്നേ ദിവസം വൈകിട്ട് ഇവർ രണ്ടുപേരും ചേർന്ന് പാലാ കെഴുവംകുളത്ത് ലോട്ടറി കച്ചവടക്കാരന്‍റെ കയ്യിൽനിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിപ്പറിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് പാലാ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ കോട്ടയം ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ നടന്ന മോഷണത്തിനു പിന്നിലും ഈ സംഘമാണെന്നു തെളിഞ്ഞു. അമ്പലത്തിൽ നിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ സംഘത്തെ ചോദ്യം ചെയ്താണ് പോലീസ് ഈ കേസ് തെളിയിച്ചത്. ഇറഞ്ഞാൽ അമ്പലത്തിലെ മോഷണത്തിന് ഇവർ എത്തിയത് പാമ്പാടി, മീനടം എന്നിവിടങ്ങളിൽനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കിൽ ആയിരുന്നു എന്നകാര്യവും കണ്ടെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പരിപ്പ് ശങ്കരനാരായണ ക്ഷേത്ത്രിൽ ഡിസംബറിൽ നടന്ന മോഷണത്തിനു പിന്നിലും ഈതേ സംഘമായിരുന്നു. ക്ഷേത്രത്തിലെ ഏഴു ഭണ്ഡാരക്കുറ്റികൾ തകർത്താണ് അന്ന് ഇവർ പണം അപഹരിച്ചത്. 

പിടിയിലായർ മുൻപ് വിവിധ സ്‌റ്റേഷനുളിൽ അടിപടി, കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നിർദ്ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാറിന്‍റെയും ഈസ്റ്റ് എസ്.എച്ച്.ഒ. യു. ശ്രീജിത്തിന്‍റെയും മേൽനോട്ടത്തിലാണ് കേസുകൾ അന്വേഷിക്കുന്നത്. എസ്.ഐ. അനുരാജ് എം.എച്,  ഷിബുക്കുട്ടൻ, ശ്രീരംഗൻ, ലാലൻ, അനിൽകുമാർ പ്രതീഷ്‌രാജ്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K