19 February, 2022 06:10:52 PM


ദീപുവിന്‍റെ കൊലപാതകം; മരണ കാരണം തലയോട്ടിയിലെ ക്ഷതം - പോസ്റ്റ്മോർട്ടം റിപ്പോർട്ട്



കൊച്ചി: കൊല്ലപ്പെട്ട ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. കരൾ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി. കരൾരോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പറയുന്നത്.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു. 

'ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ആക്രമിച്ചതെന്നും സാബു ആരോപിച്ചു. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പ്രതികരിച്ചു.

എന്നാൽ, സാബു എം ജേക്കബിന്റെ ആരോപണങ്ങൾ കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജൻ തള്ളി. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജൻ ആരോപിച്ചു. സാബുവിന്റെ ആരോപങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. 'തന്റെ ഫോണും കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതിൽ ഭയപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജൻ എംഎൽഎ പറഞ്ഞു. 

കഴിഞ്ഞ 12 നാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. കൊലപാതകത്തിൽ പങ്കില്ലെന്ന് സിപിഎം ആവർത്തിച്ചു. ദീപുവുമായി വാക്കുതർക്കം ഉണ്ടായിട്ടുണ്ടെങ്കിലും സംഘർഷം ഉണ്ടായില്ലെന്ന് സിപിഎം കിഴക്കമ്പലം ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K