11 February, 2022 10:26:51 AM
യുവതി കുത്തേറ്റു മരിച്ച സംഭവം: പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: അന്പലമുക്കിലെ അലങ്കാര ചെടി വിൽക്കുന്ന കടയിലെ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പേരൂർക്കടയിലെ ഒരു ഹോട്ടൽ ജീവനക്കാരനായ ഇയാളെ തമിഴ്നാട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. രാജേഷ് എന്നാണ് ഇയാളുടെ പേരെന്നാണ് അറിയുന്നത്.
ഏറെ ദുരൂഹത അവശേഷിപ്പിച്ച കൊലപാതകമായിരുന്നു ഇത്. പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിലാണ് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ചത്. യുവാവ് ഊളമ്പാറ ഭാഗത്തുനിന്ന് പേരൂർക്കടയിൽ എത്തി അവിടെനിന്ന് അമ്പലമുക്ക് ഭാഗത്തേക്കു വരികയായിരുന്നുവെന്നായിരുന്നു സിസിടിവി സൂചന. ഇത്രയും ദൂരം ഇയാൾ കാൽനടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്.
ഫുൾസ്ലീവ് ഷർട്ട് ധരിച്ചിട്ടുള്ള ഇയാൾ ഒരു കൈ പലപ്പോഴും മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇയാളുടെ കൈയിലേറ്റ മുറിവാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്നു പോലീസിനു ബോധ്യമായിരുന്നു. സംഭവം നടന്ന ഞായറാഴ്ച രാവിലെ 11 ഓടെ നഴ്സറിയിലെത്തിയ ഇയാൾ 20 മിനിറ്റിനുള്ളിൽ തിരികെ പോകുന്നതു ദൃശ്യങ്ങളിൽ ഉണ്ട്. സാന്ത്വന ആശുപത്രി ജംഗ്ഷനിൽ നിന്ന് ഓട്ടോറിക്ഷപിടിച്ചു പോകുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മുട്ടട ജംഗ്ഷനിൽ ഇറങ്ങിയ യുവാവ് പിന്നീട് ഇടറോഡിലൂടെയാണ് സഞ്ചരിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
വ്യക്തമല്ലാത്ത മലയാളം ഇയാൾ സംസാരിച്ചിരുന്നതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. പിന്നീട് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും കേശവദാസപുരത്ത് സിസിടിവി പരിശോധിച്ചതിൽനിന്നു കൂടുതൽ ചിത്രങ്ങൾ വ്യക്തമായി. കേശവദാസപുരം ഭാഗത്തുവച്ച് വസ്ത്രം മാറിയശേഷം മറ്റൊരാളുടെ സ്കൂട്ടറിൽ കയറി ഇയാൾ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഫുൾസ്ലീവ് ഷർട്ടിനു പകരം ദൃശ്യങ്ങളിൽ ഉള്ളത് ബനിയനാണ്. തിരികെ പോകുന്ന സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരുന്നില്ല.
ഊളമ്പാറ ഭാഗത്തുനിന്ന് അമ്പലമുക്ക് വരെ കാൽനടയായി സഞ്ചരിച്ച ശേഷം ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങി കേശവദാസപുരത്ത് വീണ്ടും നടന്നെത്തി ബൈക്കിൽ കയറി പോയത് എന്തിനാണെന്നുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. തന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഓട്ടോ ഡ്രൈവറും പറഞ്ഞിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെ ജോലിചെയ്തിരുന്ന അമ്പലമുക്കിലെ നഴ്സറി ഫാമിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണം. യുവതിയെ രാവിലെ 11 വരെ നഴ്സറിയുടെ പരിസരത്ത് കണ്ടവരുണ്ട്. പിന്നീട് ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
നഴ്സറിയിൽ ഉച്ചയ്ക്ക് ചെടി വാങ്ങാൻ എത്തിയവർ ആരെയും കാണാതെ വന്നതോടെ ബോർഡിൽ കണ്ട ഉടമയുടെ ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നു. ഉടമ മറ്റൊരു ജീവനക്കാരിയെ നഴ്സറിയിലേക്ക് അയച്ചു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
നഴ്സറിക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്ത് ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിലായിരുന്നു മൃതദേഹം. വിനീത ധരിച്ചിരുന്ന നാല് പവനോളം വരുന്ന സ്വർണാഭരണം കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന അന്വേഷണ സംഘത്തിൽ ഷാഡോ ടീമംഗങ്ങളും പങ്കാളികളായിരുന്നു.