25 January, 2022 06:26:46 PM
അരലക്ഷം കടന്നു: ഇന്ന് 55,475 പേര്‍ക്ക് കൊവിഡ്; പുതിയ രോഗികളിൽ 143% വര്‍ധന
തിരുവനന്തപുരം: കുതിച്ചുയർന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകള്‍ പരിശോധിച്ചു.ടിപിആർ 50നോട് അടുക്കുകയാണ്. 49.40 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതായത് പരിശോധിക്കുന്ന 100പേരിൽ 49പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 1387 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള രോഗബാധിതരുടെ ആകെ എണ്ണം 2,85365 ആയി. മരണങ്ങളും കൂടിയിട്ടുണ്ട്. ഇന്ന് 70 മരണങ്ങളാണ് കൊവിഡ‍് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.
എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ ചികിൽസയിലായിരുന്ന 30,226 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവിലുള്ള 2,85,365 കൊവിഡ് രോഗികളിൽ 3.8 ശതമാനം പേരെ മാത്രമാണ് കിടത്തി ചികിൽസക്കായി പ്രവേശിപ്പിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു
ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി 2,15,059 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,57,396 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 143 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 171%, 106%, 115%, 62%, 33% 138% വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷൻ നടത്തിയ സംസ്ഥാനം കേരളമാണ്.ഇതുവരെ 14,17,666 പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകി.വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,71,208), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,23,28,429) നല്‍കിയിട്ടുണ്ട്.15 മുതല്‍ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,37,438) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
55,475 പുതിയ രോഗികളില്‍ 2575 പേര്‍ ഒരു ഡോസ് വാക്‌സിനും 33,682 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 12,220 പേര്‍ വാക്‌സീന്‍ എടുത്തിട്ടില്ല. വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.