03 January, 2022 06:48:42 PM
കുട്ടികളുടെ വാക്സിൻ: കോട്ടയം ജില്ലയിൽ ആദ്യ ദിവസം 1322 പേർ വാക്സിനെടുത്തു
കോട്ടയം: ജില്ലയിൽ 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഇന്ന് മാത്രം ജില്ലയിൽ 1322 പേർ വാക്സിൻ സ്വീകരിച്ചു. കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ.എസ്. മുരാരി, പി.പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ലിന്റോ ലാസർ, നഴ്സിംഗ് സൂപ്രണ്ട് ഉഷാകുമാരി ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചത്. ജനുവരി 10 വരെ തുടരുന്ന വാക്സിനേഷനിൽ ജില്ലയിൽ 85000 കുട്ടികൾക്ക് കോവാക്സിൻ നൽകുകയാണ് ലക്ഷ്യം. വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് www.cowin.gov.in എന്ന വെബ് സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാം. വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിനെടുക്കാം. ഒരു മൊബെൽ നമ്പറിൽ നിന്ന് നാലുപേരെ വരെ രജിസ്റ്റർ ചെയ്യാം. വാക്സിനേഷനായി മുൻപ് ഉപയോഗിച്ച ഫോൺ നമ്പറിലൂടെയും കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും വീണ്ടും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ദിശയുടെ ടോൾ ഫ്രീ നമ്പറുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടുക. ഫോൺ: 104, 1056, 0471-2552056.