23 December, 2021 03:24:27 PM


കേരളത്തില്‍ അഞ്ച് പേർക്ക് കൂടി ഒമിക്രോൺ: ആകെ 29 രോഗികൾ; ജാഗ്രതാ നിർദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

ഒമിക്രോൺ കേസുകളുയരുന്ന സാഹചര്യത്തിൽ ഓരോരുത്തരും സ്വയം പ്രതിരോധത്തിന് വേണ്ടി മാസ്ക്കുകൾ ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ക്രിസ്മസ് ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ആഘോഷങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

അതേ സമയം അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇന്ന് മാത്രം  33 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 34 ആയി. ഇതിൽ 26 കേസുകളും ചെന്നൈയിലാണ്. പൊങ്കലും ജല്ലിക്കട്ടും വരാനിരിക്കെ സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.  ഒരാൾക്ക് മാത്രമാണ് ഇതേവരെ തമിഴ്നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് ഇത് 34 ആയി ഉയർന്നത്. ജനസാന്ദ്രത കൂടിയ ചെന്നൈയിലാണ് 26 പോസിറ്റീവ് കേസുകൾ എന്നതും ഗുരുതര സാഹചര്യമാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടി തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മധുരയിൽ 4 കേസുകളും തിരുവാൺമലൈയിൽ രണ്ടും സേലത്ത് ഒന്നുമാണ് റിപ്പോർട്ട് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K