12 December, 2021 07:09:24 PM


കേരളത്തിലും ഒമിക്രോൺ: രോഗബാധ യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിക്ക്



കൊച്ചി: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 

യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്. ഇദ്ദേഹത്തിൻ്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുട‍ർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്. 

അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇയാൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച എല്ലാവരോടും ഇതിനോടകം സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 150 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ഇദ്ദേഹത്തിൻ്റെ അടുത്ത സീറ്റുകളിൽ ഇരുന്നവരേയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറാം തീയതി അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. 

യുകെയിൽ സ്ഥിരതാമസമാക്കിയ ആളാണ് രോഗബാധിതൻ എന്നാണ് വിവരം. കേന്ദ്രസർക്കാർ മാർഗ്ഗനിർദേശപ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കവും കൃത്യമായി നടത്തിയിട്ടുണ്ടെന്നും രോഗബാധിതൻ പൂർണആരോഗ്യവാനാണെന്നും നിലവിൽ ആശങ്കയ്കക്കുള്ള യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K