05 December, 2021 08:11:45 PM
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി ഇടപകിയ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതേടെ സംസ്ഥാനത്ത് എട്ടുകേസുകളും രാജ്യത്ത് പന്ത്രണ്ടും ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പുണെയില്‍ നിന്നും ആറുപേര്‍ പിംപരി ചിഞ്ച്വാഡില്‍നിന്നുമുള്ളവരാണ്. രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 46-കാരനായ ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമായിരുന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇന്ന് ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് എത്തിയ വ്യക്തിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒമിക്രോണ്‍ വ്യാപന സാധ്യത കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിത്. വിദേശത്ത് നിന്ന് എത്തിയവരില്‍ കണ്ടെത്തിയ കോവിഡ് ബാധ ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡല്‍ഹിയില്‍ നിന്ന് പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലവും വരാനിരിക്കുകയാണ്.
ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനയില്‍ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.