02 December, 2021 10:35:21 AM
അമേരിക്ക, യുഎഇ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് ഒമിക്രോൺ വ്യാപനം

വാഷിംഗ്ടൺ: അമേരിക്കയിലും യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. കാലിഫോർണിയയിലാണ് അമേരിക്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയാണ്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിച്ചത്.
നവംബർ 22 ന് ആണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയത്. 29 ന് ആണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലർത്തിയവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാവരും തന്നെ നെഗറ്റീവാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്നും എത്തിയ സ്ത്രീയിലാണ് വൈറസ് കണ്ടെത്തിയത്. ഇവരുമായി സമ്പർക്കത്തിൽ എത്തിയവരെയും കാറന്റൈനിലാക്കി. ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഒമിക്രോൺ കോവിഡ് കേസ് സൗദിയിലാണ് സ്ഥിരീകരിച്ചത്. ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയെത്തിയ സൗദി പൗരനാണു രോഗബാധ. രോഗിയെയും അയാളുമായി സന്പർക്കമുണ്ടായവരെയും ഐസൊലേഷനിലാക്കി. ദക്ഷിണകൊറിയയിൽ ഇന്നലെ അഞ്ചു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. നേരത്തെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.