29 November, 2021 06:15:03 PM
ഒമിക്രോണ്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാം: മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൽ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോൺ ആഗോളതലത്തിൽ ഉയർന്ന അപകട സാധ്യതയുള്ളതാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ഒമിക്രോൺ പടർന്നു പിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഒമിക്രോൺ വകഭേദം ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ആഗോളതലത്തിലുള്ള ലോക്ഡൗണിലേക്കു കാര്യങ്ങൾ നീങ്ങുമോയെന്ന ആശങ്കയും ഉയരുകയാണ്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ഇറാൻ, ബ്രസീൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുകയോ, അവിടെ യാത്ര ചെയ്തിട്ടുള്ളവർക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തുകഴിഞ്ഞു.