30 October, 2021 06:25:10 PM


കൊവാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഷീല്‍ഡും നല്‍കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി



ന്യൂഡല്‍ഹി: കൊവാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് സ്വന്തം റിസ്‌കില്‍ കോവിഷീല്‍ഡ് എടുക്കാന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി നിരസിച്ച്‌ സുപ്രീം കോടതി. കൊവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അനുമതി ഇല്ലാത്തതുമൂലം വിദേശ യാത്രയ്ക്ക് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക് സേത് എന്നയാളാണ് കോടതിയെ സമീപിച്ചത്. സ്വന്തം താത്പര്യത്തില്‍ കൊവാക്‌സിന് പുറമേ കോവിഷീല്‍ഡും എടുക്കാന്‍ ആളുകളെ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

വാക്‌സിനേഷന് കൃത്യമായ നടപടിക്രമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആളുകളുടെ ജീവിതം വച്ച്‌ കളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. വാക്സിനേഷന്‍ കൃത്യമായ നടപടിക്രമം പാലിച്ചാണ് നല്‍കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ഒരാളെ മറ്റൊരു വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കൊണ്ട് ആളുകളുടെ ജീവിതം വച്ച്‌ കളിക്കാന്‍ കഴിയില്ല, കോടതി പറഞ്ഞു.

കൊവാക്‌സിന് ഡബ്യൂഎച്ച്‌ഒ അനുമതി നല്‍കുമോ എന്നറിയാന്‍ കാത്തിരിക്കാമെന്നും അനുമതി ലഭിച്ചാല്‍ പിന്നെ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി അടുത്തമാസം വീണ്ടും പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K