13 October, 2021 11:14:25 AM
പ്രതിദിന രോഗബാധയിൽ വലിയ ഇടിവ്; രാജ്യത്ത് ആക്റ്റിവ് കേസുകളും കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന കണക്കിൽ വീണ്ടും ഇടിവ്. ഇന്നു രാവിലെ പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 15,823 പുതിയ കേസുകളാണ്. ഇതിൽ 7,823 കേസുകളും കേരളത്തിൽ. 24 മണിക്കൂറിനിടെ 226 പേർ കൂടി മരിച്ചു. പ്രതിദിന മരണസംഖ്യയിലും കേരളം മുന്നിൽ തുടരുകയാണ്. സംസ്ഥാനത്തു 106 പേരാണു മരിച്ചത്. മഹാരാഷ്ട്രയിൽ 43 മരണം കൂടി രേഖപ്പെടുത്തി. രാജ്യത്തെ ഇതുവരെയുള്ള മരണസംഖ്യ 4,51,189 ആയിട്ടുണ്ട്. ഇതിൽ 1,39,621 പേരും മരിച്ചതു മഹാരാഷ്ട്രയിലാണ്.
കർണാടകയിൽ 38,000ന് അടുത്തെത്തി ഇതുവരെയുള്ള കൊവിഡ് മരണം. തമിഴ്നാട്ടിൽ 35,814 പേരും കേരളത്തിൽ 26,448 പേരുമാണു മരിച്ചത്. ഡൽഹിയിൽ 25,000ലേറെ പേരും ഉത്തർപ്രദേശിൽ 22,000ലേറെ പേരും മരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ 19,000ന് അടുത്ത് ആളുകളാണ് ഔദ്യോഗിക കണക്കുപ്രകാരം വൈറസ് ബാധിച്ചു മരിച്ചത്. രാജ്യത്തെ മൊത്തം ആക്റ്റിവ് കേസുകൾ 2.07 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതിൽ കേരളത്തിലേത് 96,646. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായ കേരളത്തിൽ പ്രതിദിന രോഗബാധയിലും തുടർച്ചയായി ഇടിവു കാണിക്കുന്നു.
രാജ്യവ്യാപകമായുള്ള കേസുകളുടെ എണ്ണം കുറയ്ക്കുന്നതും കേരളത്തിലെ ഈ ഇടിവാണ്. ഏതാണ്ട് ആറു മാസത്തോളമായി ഒരു ലക്ഷത്തിനു മുകളിലായിരുന്നു കേരളത്തിലെ ആക്റ്റിവ് കേസുകൾ. ഏപ്രിൽ 19നായിരുന്നു സംസ്ഥാനത്ത് ചികിത്സയിലുള്ളവർ ഒരു ലക്ഷം കടന്നത്. ഓഗസ്റ്റിൽ ഓണാഘോഷങ്ങൾക്കു ശേഷം പ്രതിദിന കേസുകൾ 30,000 പിന്നിട്ട കേരളത്തിൽ ഇപ്പോൾ ക്രമമായി വൈറസ് ബാധിതർ കുറയുന്നുണ്ട്. 86,000ലേറെ സാംപിളുകളാണ് അവസാന ദിവസം സംസ്ഥാനത്തു പരിശോധിച്ചത്. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ താഴെ.
അതേസമയം, ദേശീയതലത്തിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനം മാത്രമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനവും. ദേശീയ റിക്കവറി നിരക്ക് 98.06 ശതമാനമായി ഉയർന്നിട്ടുണ്ട്. മരണനിരക്ക് 1.33 ശതമാനത്തിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവർ 3.40 കോടി കടന്നു. ഇതിൽ 3.33 കോടിയിലേറെ പേരാണ് രോഗമുക്തരായത്. 96.43 കോടി വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്തു വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.