21 September, 2021 08:15:46 PM
അലർജിയുള്ളവർക്ക് വാക്സിനേഷനും ആരോഗ്യനില നിരീക്ഷിക്കാനും പ്രത്യേക സംവിധാനം
കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകൾ എന്നിവയോട് മുമ്പ് അലർജിയുണ്ടായിട്ടുള്ളവർക്ക് കോവിഡ് വാക്സിനേഷന് പ്രധാന സർക്കാർ ആശുപത്രികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ (സെപ്റ്റംബർ 22, 23) പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്രമീകരണം ഒരുക്കുന്നത്. പ്രധാന സർക്കാർ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻപ് അലർജികൾ ഉണ്ടായതുമൂലം വാക്സിൻ എടുക്കാൻ കഴിയാതിരുന്നവരെ പരിശോധിച്ച് വാക്സിൻ നൽകും. വാക്സിനേഷനു ശേഷം ഇവരുടെ ആരോഗ്യനില നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഇവിടങ്ങളിൽ ഒരുക്കും.
വിവിധ ഭക്ഷണ സാധനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അലർജികൾ വാക്സിനേഷന് തടസമല്ല. മുമ്പ് പാരസെറ്റമോൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ചൊറിച്ചിൽ, തടിപ്പ് എന്നിവയും വാക്സിനേഷന് തടസമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. എന്നാൽ മരുന്നോ ഭക്ഷണമോ കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീഴുകയോ ആശുപത്രിയിലോ ഐ.സി.യുവിലോ പ്രവേശിക്കപ്പെടുകയോ ചെയ്തവർ വാക്സിൻ എടുക്കും മുൻപ് ഡോക്ടറുടെ അനുമതി വാങ്ങണം.
ജില്ലയിൽ 14.4 ലക്ഷം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു
കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച (സെപ്തംബർ 21) 5000 പേർ കൂടി ഒന്നാം ഡോസ് സ്വീകരിച്ചു. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 14.4 ലക്ഷം ആയി. ഇതോടെ ജില്ലയിൽ 18 വയസിനു മുകളിലുള്ള 14.84 ലക്ഷം പേരിൽ 97 ശതമാനവും ഒന്നാം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 6,42,635 (43.3%) പേർ രണ്ടു ഡോസും സ്വീകരിച്ചു. ജില്ലയിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ബുധനാഴ്ച (സെപ്റ്റംബർ 22) വാക്‌സിനേഷൻ നടക്കും. രണ്ടാം ഡോസ് എടുക്കാൻ അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തി വാക്സിൻ എടുക്കാം