06 September, 2021 09:22:17 PM
കോവിഷീൽഡ് ഇടവേള നാലാഴ്ച മതി; കേന്ദ്ര സർക്കാരിനെ തള്ളി ഹൈക്കോടതി
കൊച്ചി: കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജീവനക്കാർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നിശ്ചിത ഇടവേളയ്ക്കു മുൻപേ എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെതിരായ കേന്ദ്രസർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ കോവിന്‍ പോര്‍ട്ടലില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നൽകി.
കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആദ്യം ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. മികച്ച സംരക്ഷണം നൽകുമെന്ന വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള ഇടവേള 84 ദിവസമായി നീട്ടിയതെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ വാദിച്ചത്.
ജോലിക്കും പഠനത്തിനും മറ്റുമായിട്ടുള്ള രാജ്യാന്തര യാത്ര ഉൾപ്പെടെ കൃത്യമായ കാരണങ്ങളാൽ നിശ്ചിത സമയപരിധിക്കു മുൻപ് തന്നെ വാക്സിൻ എടുക്കാൻ ചിലർക്ക് അനുമതി നൽകിയിരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഒറ്റ ഡോസ് മാത്രം എടുക്കുന്നതിനെക്കാൾ ഇതാണു കൂടുതൽ സുരക്ഷിതം എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഇളവ് യുക്തിസഹമല്ലെന്നും സാമാന്യബോധത്തിന് നിരക്കാത്തതാണെന്നും വിവേചനം കാട്ടുകയാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.