06 September, 2021 08:02:54 PM
നിപ: 11 പേർക്ക് രോഗലക്ഷണം; കോഴിക്കോട് രണ്ട് ദിവസത്തേക്ക് വാക്സിനേഷൻ നിർത്തിവച്ചു
മരിച്ച കുട്ടിയുടെ വീട്ടുപരിസരത്ത് രണ്ട് റംപുട്ടാൻ മരങ്ങൾ കണ്ടെത്തി, സാംപിളുകൾ ശേഖരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിലുള്ളത് 251 പേരെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്താ സമ്മേളനത്തിൽ. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണമുള്ള 11 പേരിൽ എട്ട് പേരുടെ സാംപിളുകൾ പൂനെ എൻഐവിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു.
സമ്പർക്കപട്ടികയിലുള്ള 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകർ. 251 പേരിൽ ഹൈ റിസ്ക് ആയിട്ടുള്ളത് 30 ആരോഗ്യ പ്രവർത്തകർ അടക്കം 54 പേരാണെന്നും മന്ത്രി വ്യക്തമാക്കി. രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനില സ്ഥിരതയോടെ തുടരുന്നതായും ആർക്കും രോഗ ലക്ഷണം വർധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതൽ ഇന്ന് രാത്രി മുതൽ മെഡിക്കൽ കോളേജിൽ സാംപിളുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം സജ്ജമാവുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ സ്ഥിരീകരിക്കുന്നതിനുള്ള ട്രൂനാറ്റ്, ആർടിപിസിആർ എന്നി രണ്ട് ടെസ്റ്റും ഇതോടെ കോഴിക്കോട് തന്നെ ഇനി നടത്താനാവും. രോഗ ലക്ഷണമുള്ള 11 പേരിൽ പുനെ എൻഐവിയിലേക്ക് സാംപിൾ അയക്കാത്ത ബാക്കിയുള്ള മൂന്ന് പേരുടെ പരിശോധന കോഴിക്കോട് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തെ കോവിഡ് വാക്സിനേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പരിശോധന നടത്താമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മരിച്ച കുട്ടിയുടെ വീട്ടു പരിസരത്തെ റംപുട്ടാൻ പഴങ്ങളുടെ സാംപിളുകൾ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചതായും മന്ത്രി അറിയിച്ചു. "ഇന്ന് ആനിമൽ ഹസ്ബൻറി ടീം വീടും പരിസരവും സന്ദർശിച്ചു. വീട്ട് പരിസരത്ത് രണ്ട് റംപുട്ടാൻ മരങ്ങളുണ്ടെന്ന് കണ്ടെത്തി. അതിൽ നിന്നുള്ള പക്ഷികളോ വവ്വാലോ പാതി കഴിച്ച റംപുട്ടാൻ സാംപിളുകൾ ശേഖരിച്ചു. പ്രദേശത്തെ പുഴക്ക് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി. വീട്ടിലെ ആടിന്റെ ശ്രവങ്ങളുടെ സാംപിളുകളും ശേഖരിച്ചു," വിണ ജോർജ് പറഞ്ഞു.
"333 ആരോഗ്യ പ്രവർത്തകർക്ക് കോഴിക്കോട് ജില്ലയിൽ പരിശീലനം നൽകി. സംസ്ഥാനത്ത് നിപ സെല്ലുകൾ തുടങ്ങി. മരിച്ച കുട്ടിയുടെ വീടിന് സമീപമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്, " മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷനൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. നിപ പ്രതിരോധത്തിനായി പ്രത്യേക സോഫ്റ്റ്വെയർ നിർമിച്ചു. ഇത് വഴി നിരീക്ഷണം നടത്താനും വിവര ശേഖരണം നടത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.