03 September, 2021 02:38:11 PM


സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം: ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിനാണ് ബാക്കിയുള്ളത്.

അതേസമയം എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ അറിയയിപ്പ് ഉണ്ടായിട്ടില്ല. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. രണ്ടു വാക്‌സിനും ഒരുപോലെ ഫലപ്രദമാണ്.

ഈ മാസം 30നകം 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാല്‍ വാക്‌സിന്‍ ക്ഷാമം തിരിച്ചടിയാകും. കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞദിവസം 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K