22 August, 2021 12:38:04 PM


രോഗവ്യാപനം നിയന്ത്രണാതീതം; കേരളത്തില്‍ 11 ജില്ലകളിലും ആശുപത്രികൾ നിറയുന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ അതിന് മുൻപേ രോഗവ്യാപനം രൂക്ഷമാവുകയാണ്.  മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആർ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്.


പതിനൊന്ന്  ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോഗവ്യാപനം കൂടുതലുള്ള വടക്കൻ ജില്ലകളിൽ സർക്കാർ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളിൽ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളിൽ സാഹചര്യം തുടർന്നാൽ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.


887 കിടക്കകളുള്ള കാസര്‍കോട് 704-ലും രോഗികളായി, അതായത്  79%. തൃശൂരില്‍ 73 %, പാലക്കാട്  66.3 %, കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികൾ‌. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ്  അവശേഷിക്കുന്നത്. നിലവിൽ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകൾ. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.


ഇപ്പോഴും രാജ്യത്ത് ആകെ രോഗികളുടെ അൻപത് ശതമാനത്തിലധികവും കേരളത്തിൽ തന്നെയാണ്. പൊതുസ്ഥലങ്ങളിൽ പരിശോധന വീണ്ടും കർശനമാക്കും. മൂന്നാംഓണം പ്രമാണിച്ച് ഇന്ന് ലോക്ക്ഡൗണില്ല. ഇന്നലെ രോഗികളുടെ എണ്ണം കുറവായിരുന്നെങ്കിലും ടിപിആർ 17 കടന്നിരുന്നു.


17,106 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. 20,846 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,78,462 പേരാണ്. ആകെ കോവിഡ് മരണം 19,428 ആയി. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.


കേരളത്തില്‍ കഴിഞ്ഞ ദിവസം 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 902, കൊല്ലം 1157, പത്തനംതിട്ട 485, ആലപ്പുഴ 1471, കോട്ടയം 1027, ഇടുക്കി 621, എറണാകുളം 2327, തൃശൂര്‍ 2433, പാലക്കാട് 2211, മലപ്പുറം 3577, കോഴിക്കോട് 2324, വയനാട് 709, കണ്ണൂര്‍ 1099, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്.


പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K