01 August, 2021 04:20:45 PM
മഹാരാഷ്ട്രയിൽ ആദ്യമായി സിക്ക വൈറസ്: രോഗിക്ക് സിക്കയോടൊപ്പം ചിക്കൻ ഗുനിയായും
മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പുനെയിലെ പുരന്ദറിലുള്ള 50കാരിക്കാണ് വൈറസ് ബാധിച്ചത്. ഇവര്‍ക്ക് ചിക്കന്ഗുനിയയുമുണ്ട്. ഇവര്‍ രോഗമുക്തയായി. നിലവില്‍ ഇവര്‍ക്കും ഇവരുടെ കുടുംബാഗംങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.
പുരന്ദര്‍ തഹസിലിലെ ബെല്‍സര്‍ ഗ്രാമത്തില്‍ നിരവധി പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇതില്‍ അഞ്ച് പേരുടെ സാംപിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍ഐവി) യിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇതില്‍ മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയയുണ്ടെന്ന് കണ്ടെത്തി.
അതിനു പിന്നാലെ ജൂലൈ 27നും 29നും ഇടയില്‍ എന്‍ ഐവിയിലെ ഒരു സംഘം വിദഗ്ധര്‍ ബെല്‍സര്‍, പരിഞ്ചെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 41 പേരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 25 പേര്‍ക്ക് ചിക്കന്‍ഗുനിയയും മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് സിക്ക വൈറസും സ്ഥിരീകരിക്കുകയായിരുന്നു.