08 July, 2021 12:34:34 PM
വിവാഹത്തിന് 20 പേർ; മദ്യശാലകളിൽ 500 പേർ? വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. മദ്യശാലകളിൽ 500 പേർ ക്യൂ നിൽക്കുകയാണ്. മദ്യ വിൽപനയുടെ കുത്തക ബെവ്കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാൻ ബെവ്കോയ്ക്ക് ബാധ്യതയുണ്ട്. ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. ഒരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നില്ല.
ആൾക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാർക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാൻ സാധ്യതയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
മദ്യവിൽപന എന്തോ നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ്. മദ്യം വാങ്ങാൻ എത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണം. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കിൽ എത്രയും പെട്ടെന്ന് നടപടി വേണം. ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എക്സൈസ് കമ്മീഷണർ, ബെവ്കോ എംഡി എന്നിവർ കോടതിയിൽ ഹാജരായി.