20 May, 2021 07:19:14 PM
ബ്ളാക്ക് ഫംഗസ്; സ്റ്റിറോയ്ഡ് മരുന്നുകൾ അനാവശ്യമായി കഴിക്കുന്നത് ഒഴിവാക്കണം
കോട്ടയം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
സ്റ്റിറോയ്ഡ് വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന അനിയന്ത്രിത പ്രമേഹവവും രോഗ പ്രതിരോധ ശേഷിക്കുറവുമുള്ളവരില്‍ നേരത്തെ തന്നെ അപൂര്‍വ്വമായി കണ്ടുവന്നിരുന്ന അണുബാധയാണിത്. മറ്റുള്ളവര്‍ക്ക് ഈ ഫംഗസ് ബാധ ഉണ്ടാകുന്നത് വിരളമാണ്. മുകളില്‍ സൂചിപ്പിച്ച വിഭാഗത്തില്‍ പെടാത്ത കോവിഡ് രോഗികള്‍ക്ക് ബാധിക്കാന്‍ സാധ്യതയുമില്ല. സംസ്ഥാനത്ത് ആകെ നിലവില്‍ 19 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനു മുന്‍പും സംസ്ഥാനത്ത് വർഷത്തില്‍ ശരാശരി പത്തിൽ താഴെ ആളുകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളില്‍ ലഭ്യമാണ്. രോഗകാരണമായ ഫംഗസ് മണ്ണിലാണ് കാണപ്പെടുന്നത്. സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയരാകുന്ന അനിയന്ത്രിത പ്രമേഹവും പ്രതിരോധശേഷിക്കുറവുമുള്ളവര്‍ മാസ്ക് ശരിയായി ധരിക്കുകയും വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്നത് രോഗ ബാധ ഒഴിവാക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നതും നിര്‍ദ്ദിഷ്ഠ കാലയളവിനു ശേഷവും കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്-ഡി.എം.ഒ പറഞ്ഞു.