12 May, 2021 09:41:18 AM
കൊവിഡ് ഇന്ത്യന്‍ വകഭേദത്തെ 'വേരിയന്റ് ഓഫ് കണ്‍സേണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് 'വേരിയന്റ് ഓഫ് കണ്‍സേണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.
വകഭേദത്തിന്റെ വര്‍ധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617-നെ തരംതിരിച്ചതായി സംഘടനയിലെ കൊവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് പറഞ്ഞു. ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. അമേരിക്കയും ബ്രിട്ടനും ബി.1.617 ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ് ഓഫ് കണ്‍സേണ്‍' പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുന്‍പേ നിശ്ചയിച്ചിരുന്ന ലണ്ടന്‍ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. ജി.7 സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രത്യേക ക്ഷണിതാവായി നേരിട്ട് പങ്കെടുക്കില്ല. ലണ്ടന്‍ യാത്ര ഉപേക്ഷിച്ചത് രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെര്‍ച്വലായി പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് വിദേശകര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ജി-7 മന്ത്രിതല യോഗത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സംഘത്തിലെ രണ്ട് പേര്‍ക്ക് ലണ്ടനില്‍ കൊവിഡ് പിടിപെട്ടിരുന്നു.