30 April, 2021 06:18:36 PM


മദ്യം ലഭിക്കാത്തതിനാലുള്ള പിന്മാറ്റ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ



പാലക്കാട്: കോവിഡ്-19 വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികളായവര്‍ക്ക് മദ്യം ലഭിക്കാതാകുമ്പോള്‍ ഉണ്ടാകുന്ന പിന്മാറ്റ (വിഡ്രോവല്‍) ലക്ഷണങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


ഇത്തരക്കാര്‍ക്ക് ഓരോ താലൂക്കിലുമുള്ള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ ബന്ധപ്പെടുന്നതിനും അതിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡി -അഡിക്ഷന്‍ സൗകര്യങ്ങളും ഉപയോഗിക്കാം. പ്രധാനപ്പെട്ട പിന്മാറ്റ (വിഡ്രോവല്‍) ലക്ഷണങ്ങള്‍ മൂന്നു വിധത്തിലുണ്ട്.


ലഘുവായ ലക്ഷണങ്ങള്‍: ഉറക്കക്കുറവ്, അസ്വസ്ഥത, ആകാംഷ, മനംപിരട്ടല്‍, ഛര്‍ദി, ചെറിയതോതിലുള്ള വിറയല്‍.


മിതമായ ലക്ഷണങ്ങള്‍: വിറയല്‍, പെരുമാറ്റത്തിലെ ഏകോപനമില്ലായ്മ, പെരുമാറ്റ വൈകല്യങ്ങള്‍, പെട്ടെന്ന് പ്രകോപിപ്പിക്കുക, ദേഷ്യം, ക്ഷോഭം എന്നിവ.


ഗുരുതരമായ ലക്ഷണങ്ങള്‍: സ്ഥലകാല വിഭ്രാന്തി, സംശയം, പേടി, മതിഭ്രമം, അപസ്മാര ലക്ഷണങ്ങള്‍


ഇത്തരം ലക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി ആരോഗ്യവകുപ്പിന്  കീഴിലുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. അപസ്മാര ലക്ഷണങ്ങള്‍, ആശയക്കുഴപ്പം, സ്ഥലകാല വിഭ്രാന്തി, തീവ്രമായ വൈകാരിക പ്രശ്‌നങ്ങള്‍, മറ്റ് മനോരോഗ ലക്ഷണങ്ങളായ ആത്മഹത്യാപ്രവണത, സ്വയം മുറിവേല്‍പ്പിക്കുക, ആക്രമണോത്സുകത തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പ്രവേശിച്ച്  ചികിത്സ തേടേണ്ടതാണ്. ഇതിനായി 10 മുതല്‍ 20 വരെ ബെഡുകള്‍ സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.


ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്. ക്വാറന്റൈനിലുള്ള രോഗികള്‍ക്ക് പ്രത്യേകം ചികിത്സാ സൗകര്യം ഉറപ്പുവരുത്തണം. എക്‌സൈസ് വകുപ്പിന്‍റെ വിമുക്തി, ആരോഗ്യവകുപ്പിന്‍റെ ഡി -അഡിക്ഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ രോഗികളെ ചികിത്സിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയത്തിനും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടികളുടെ നോഡല്‍ ഓഫീസറെ ബന്ധപ്പെടാം. ഫോണ്‍ :0491 -2533323.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K