21 March, 2021 08:18:39 AM
കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കി ബിഎംസി; കാത്തിരിക്കാതെ കുത്തിവയ്പെടുക്കാൻ നിർദേശം
മുംബൈ: കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കി മുംബൈ കോർപ്പറേഷൻ. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ നിശ്ചിത തീയതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും അടുത്തുള്ള കുത്തിവയ്പ് കേന്ദ്രത്തിൽ എത്തി പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അവരുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കാനും സാധിക്കും. കോവിൻ പോർട്ടലിൽ ഷെഡ്യൂൾ ചെയ്ത തീയതിക്കായി കാത്തിരിക്കാതെ ഉടൻ തന്നെ വാക്സിനേഷൻ സ്വീകരിക്കാൻ ജനങ്ങളോട് ബിഎംസി അഭ്യർഥിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി കുത്തിവയ്പ്പെടുക്കാൻ സാധിക്കും.
വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷമായിരിക്കും കുത്തിവയ്പ് എടുക്കുക. ഇതിന് സമയം എടുക്കുമെന്നും ബിഎംസി അധികൃതർ അറിയിച്ചു. കോവിഡ് വാക്സിൻ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമാണ്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയാണ് നിരക്ക്.