28 February, 2021 08:03:46 PM


60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്‍ നാളെ മുതല്‍



കോട്ടയം: കോവിൻ പോർട്ടലിന്‍റെ പുന:ക്രമീകരണം പൂർത്തിയായ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണം മാർച്ച് 1ന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിന്‍റെ മുൻനിര പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന  ജീവനക്കാർക്കും ആദ്യ ഡോസും ആരോഗ്യ പ്രവർത്തകർക്ക് രണ്ടാം ഡോസുമാണ് നൽകുന്നത്.


കോട്ടയം ജില്ലയില്‍ പൊതുജനങ്ങൾക്കുള്ള വാക്സിൻ വിതരണവും മാര്‍ച്ച് 1ന് ആരംഭിക്കും.  60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45-59 പ്രായപരിധിയിൽ പെട്ട ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിനായി  cowin.gov.in എന്ന പോർട്ടലിൽ മുന്‍കൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.


ആദ്യദിവസങ്ങളിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ്  കുത്തിവെപ്പ് ലഭിക്കുക.  തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്സിൻ  ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.


വാക്സിൻ ലഭിക്കാൻ പൊതുജനങ്ങൾ ചെയ്യേണ്ടത്


#  മാർച്ച് 1ന് രാവിലെ ഒൻപതു മുതൽ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ  ചെയ്യാം.

#  ഇതിനായി  ആദ്യം മൊബൈൽ നമ്പർ എന്‍റർ ചെയ്യണം.

#  തുടർന്ന് ഈ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.

#  ഒരു  മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വരെ രജിസ്ട്രേഷൻ നടത്താം.

#  വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്‍റർ  ചെയ്യണം.

#  45 - 60 പ്രായപരിധിയിലുള്ള ആളാണെങ്കിൽ  നിലവിൽ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്തെന്ന് വ്യക്തമാക്കണം. ഇതിനായി പോർട്ടലിൽ തന്നെയുള്ള രോഗങ്ങളുടെ പട്ടികയിൽ ബാധകമായത് സെലക്ട് ചെയ്താൽ മതിയാകും.

#  രജിസ്ട്രേഷൻ ഉള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കൽനിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. സർട്ടിഫിക്കറ്റിന്‍റെ മാതൃക പോർട്ടലിൽ ലഭിക്കും.

#  സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാൻ സാധിക്കും.

#  60 വയസിന്  മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖയുമായി ആണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്.

#  45 - 60 പ്രായപരിധിയിൽ ഉള്ളവർ  തിരിച്ചറിയൽ രേഖയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K