07 February, 2021 01:17:27 PM


വൈറസ് മൂലമുണ്ടാകുന്ന കരള്‍ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുക



ആലപ്പുഴ: വൈറസ് മൂലമുണ്ടാകുന്ന കരള്‍ രോഗമായ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ്.  ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഈ രോഗത്തിന് വകഭേദങ്ങളുണ്ട്. ഈ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.


2030 ഓടെ രാജ്യവ്യാപകമായി ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രോഗ്രാം. ഹെപ്പറ്റൈറ്റിസ് ബി, സി രോഗികളുടെ എണ്ണം, രോഗാവസ്ഥ, മരണ നിരക്ക് എന്നിവ കുറയ്ക്കുക, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള രോഗാവസ്ഥ, മരണ നിരക്ക് എന്നിവ കുറയ്ക്കുക എന്നിവയും ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ലക്ഷ്യങ്ങളാണ്.


രോഗനിര്‍ണ്ണയ പരിശോധന, രോഗം സ്ഥിരീകരിക്കുന്ന പരിശോധന, തിരുവനന്തപുരത്തെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലേയ്ക്ക് സാമ്പിള്‍ അയക്കുന്നതിന്റെ ഭാഗമായുള്ള ചെലവ് വഹിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്കുള്ള ചെലവേറിയ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി വകുപ്പ് നടപ്പിലാക്കി വരുന്നു. സേവനങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കേളേജിലും, ജനറല്‍ ആശുപത്രിയിലും സൗജന്യമായി ലഭ്യമാണ്. ഈ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.


ഹെപ്പറ്റൈറ്റിസ് എ യും ബി യും മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് പകരുന്നത്. വെട്ടിത്തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനുപയോഗിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, നന്നായി പാകം ചെയ്ത ആഹാര വസ്തുക്കളുപയോഗിക്കുക, ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്‌ക്രീം മുതലായവ ശുദ്ധജലത്തില്‍ തയ്യാറാക്കുക. കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷന്‍ നടത്തുക, ശൗചാലയത്തില്‍ പോയശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക എന്നിവയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍.


ഹെപ്പറ്റൈറ്റിസ് ബി യും സി യും രോഗബാധിതരുടെ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍- ഗര്‍ഭിണികള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ പരിശോധനയ്ക്ക് വിധേയരാകുക. ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കി എന്നുറപ്പു വരുത്തുക, ടൂത്ത് ബ്രഷ്, ഷേവിങ് റേസര്‍, നഖം വെട്ടി തുടങ്ങി സ്വകാര്യ വസ്തുക്കള്‍ പങ്കിടരുത്, കാതുകുത്ത്, ടാറ്റൂ തുടങ്ങി ശരീര ഭാഗങ്ങള്‍ തുളയ്ക്കുന്ന കാര്യങ്ങള്‍ അണുവിമുക്തമായ വസ്തുക്കള്‍ (സൂചി/മഷി) ഉപയോഗിച്ചാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക, രക്ത പരിശോധനയ്ക്ക് അംഗീകൃത ലാബുകളില്‍ പോവുക, സുരക്ഷിതമായ ലൈംഗിക ജീവിതം ഉറപ്പാക്കുക.


കാലേകൂട്ടിയുള്ള പരിശോധന, രോഗനിര്‍ണ്ണയം ശരിയായ ചികിത്സ എന്നിവയിലൂടെ രോഗങ്ങളില്‍ നിന്നും മുക്തരാകാം. രോഗനിര്‍ണ്ണയം ശരിയായി നടത്താതെ ഒറ്റമൂലി ചികിത്സയെ ആശ്രയിക്കുന്നത് അപകടമാണെന്നും ഡി.എം.ഓ ആരോഗ്യം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K