11 January, 2021 08:41:23 PM
കോവിഡ് വാക്സിനേഷൻ: സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക.
സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.
133 കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് കർമ്മ പദ്ധതി ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേന്ദ്രങ്ങൾ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.