12 October, 2020 06:13:32 PM


പാലാ വിട്ടു കൊടുക്കില്ല; ജോസ് വന്നാല്‍ മറുകണ്ടം ചാടാൻ തയ്യാറായി മാണി സി കാപ്പന്‍



പാലാ: കേരളാ കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും ഇടതു പാളയത്തിലേക്ക് എത്തുമ്പോള്‍ ഇടതുപക്ഷത്തിന് മാണി സി കാപ്പനെയും എന്‍സിപിയെയും നഷ്ടമാകുമോ? കേരളാകോണ്‍ഗ്രസ് എമ്മിന്‍റെ ഇടതു പ്രവേശം സംബന്ധിച്ച തീരുമാനം അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ പാലായ്ക്ക് വേണ്ടിയുള്ള അവകാശവാദങ്ങള്‍ മാണി സി കാപ്പനെ യുഡിഎഫില്‍ എത്തിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. സാഹചര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


പാലാ സീറ്റ് ഇരുവര്‍ക്കും വൈകാരികതയുടെ പ്രശ്‌നമാണ്. മാണിസാറിന് പാലാ ഭാര്യയെങ്കില്‍ തനിക്ക് ഹൃദയമാണെന്നാണ് കഴിഞ്ഞ ദിവസം കാപ്പന്‍ വെളിപ്പെടുത്തിയത്. ജോസ് കെ മാണിയുടെ വരവ് തനിക്ക് പ്രശ്നമാവുകയാണെങ്കില്‍ യുഡിഎഫ് പ്രവേശനമാണ് കാപ്പന്‍റെ മുന്നിലുള്ള അടുത്ത വഴി. അത് ലക്ഷ്യമിട്ട് അദ്ദേഹം ചരടുവലികള്‍ തുടങ്ങിയതായാണ് അറിയുന്നത്. പാലായില്‍ തന്നെ മത്സരിക്കാന്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുകയാണ് ലക്ഷ്യം. ഇത് മുന്‍ നിര്‍ത്തി കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.


രാജ്യസഭാ എംപി സ്ഥാനം ഒഴിഞ്ഞാകും ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറുകയെന്നും പറയുന്നു. അസംബ്ലി സീറ്റുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പാലാ സീറ്റിനെക്കുറിച്ച് മാണി സി കാപ്പന്‍ അവകാശവാദം ഉയര്‍ത്തുമ്പോള്‍ സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയം ആണെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായും കാഞ്ഞിരപ്പള്ളിയും അടക്കം 13 സീറ്റുകളില്‍ അവകാശ വാദം ഉയര്‍ത്താനാണ് ജോസ് കെ മാണിയുടെ നീക്കം. എന്നാല്‍ പാലാ മാണി സി കാപ്പന്‍ വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ്. അഥവാ പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ മാണി സി കാപ്പന്‍ മറുകണ്ടം ചാടിയേക്കും. 


വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കെ.എം. മാണിയുടെ മരണത്തോടെ വന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ സീറ്റ് ഇടതുപാളയത്തില്‍ എത്തിച്ചു എന്നതാണ് മാണി സി കാപ്പന്‍റെ അവകാശവാദം. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിട്ടാണ് പാലാ അറിയപ്പെടുന്നത് തന്നെ. അതുകൊണ്ടു തന്നെ മാണി സി കാപ്പന് മുന്നിലുള്ള വഴി കോണ്‍ഗ്രസിലേക്ക് ചേക്കേറുക എന്നത് തന്നെ. അങ്ങിനെയായാല്‍ ഏറെ കഷ്ടപ്പെട്ട് കാപ്പനിലൂടെ കൈപ്പിടിയിലൊതുക്കിയ പാലാ ഇടതിന് നഷ്ടപ്പെട്ടേക്കും. അല്ലെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജോസ് കെ മാണി പക്ഷം അവിടെ വിജയം കൈവരിക്കണം. യുഡിഎഫ് പിന്തുണയോടെ കാപ്പന്‍ മത്സരരംഗത്തെത്തിയാല്‍ അതത്ര എളുപ്പമാകില്ല എന്നും വിലയിരുത്തപ്പെടുന്നു.

 

നിലവില്‍ എന്‍സിപിയ്ക്ക് മൂന്ന് സീറ്റുകളാണ് ഇടതുപക്ഷം നല്‍കിയിരിക്കുന്നത്. അതില്‍ കുട്ടനാട്ടില്‍ ജയം നേടിയ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നും വെച്ചു. പിന്നെയുള്ളത് ഏലത്തൂര്‍ എംഎല്‍എ ശശീന്ദ്രനാണ്. ഇടതുപക്ഷത്ത് മന്ത്രിയായ ശശീന്ദ്രന്‍ യുഡിഎഫിന്‍റെ ഭാഗമാകാന്‍ സാധ്യതയില്ല. പാലാ ജോസ് കെ മാണി കൊണ്ടുപോയാല്‍ ഈ സീറ്റില്‍ തന്നെ മത്സരിക്കാന്‍ മാണി സി കാപ്പന് യുഡിഎഫിന്‍റെ ഭാഗമായി നില്‍ക്കേണ്ടിയും വരും. യുഡിഎഫില്‍ എത്താന്‍ ശ്രമിച്ചാല്‍ മാണി സി കാപ്പന് എന്‍സിപി പിളര്‍ത്തേണ്ടി വരുമെന്നും പറയപ്പെടുന്നു. എന്നാല്‍ യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കം മാണി സി കാപ്പന്‍ തുടങ്ങിയതായിട്ടാണ് വിവരം.


തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുമായാണ് മാണി സി കാപ്പന്‍ ചര്‍ച്ച നടത്തുന്നത്. എന്‍സിപി ദേശീയ നേതൃത്വം കോണ്‍ഗ്രസിനൊപ്പം ആയിരിക്കുന്നതിനാല്‍ കേന്ദ്ര നേതാവ് ശരദ് പവാറുമായി കാപ്പന്‍ ചര്‍ച്ച നടത്തിയെന്നും പൂര്‍ണ്ണ പിന്തുണ കിട്ടിയെന്നുമാണ് അറിയുന്നത്. ജോസ് കെ മാണി വരുന്നതോടെ ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി വെള്ളിയാഴ്ച ഭാരവാഹിയോഗം വിളിച്ചിരിക്കുകയാണ്. അതേസമയം, ജോസിന്‍റെ എല്‍ഡിഎഫ് പ്രവേശനം ഇതുവരെ ഇടതുമുന്നണി ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പാലാ സീറ്റില്‍ ഒരു തര്‍ക്കം വേണ്ടെന്ന നിലപാട് എന്‍സിപി താല്‍ക്കാലികമായി എടുത്തിട്ടുമുണ്ട്. എന്നാല്‍ ജോസ് കെ മാണി പാലായ്ക്കായി അവകാശവാദം ഉന്നയിച്ചാല്‍ എതിര്‍പ്പുമായി രംഗത്ത് വരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K