12 October, 2020 02:34:13 PM


മിനുസമുള‌ള പ്രതലത്തില്‍ കൊവിഡ് വൈറസിന് 28 ദിവസത്തോളം ആയുസ്



ദില്ലി: ഓസ്‌ട്രേലിയന്‍ ഗവേഷക ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തില്‍ മിനുസമുള‌ള പ്രതലത്തില്‍ കൊവിഡ്-19 രോഗം പരത്തുന്ന നോവല്‍ കൊറോണ വൈറസിന് 28 ദിവസത്തോളം ആയുസ് ഉണ്ടെന്ന് കണ്ടെത്തി. ഇരുട്ടുള‌ള മുറികളില്‍ സ്‌റ്റെയിന്‍ലെസ് സ്‌റ്റീല്‍, മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍,ഗ്ളാസ്, പ്ലാസ്‌റ്റിക്ക്, നോട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനില്‍ക്കാനാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയത്. വൈറോളജി ജേണല്‍ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുള‌ളത്.


മുന്‍പ് നടത്തിയ പഠനങ്ങളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ഇവ നിലനില്‍ക്കും എന്നായിരുന്നു കണ്ടെത്തല്‍. സാധാരണ പനിയ്‌ക്ക് കാരണമാകുന്ന വൈറസിനെക്കാള്‍ കൂടുതല്‍ ദിനമാണിത്. 20 ഡിഗ്രി കാലാവസ്ഥയുള‌ള ഇടങ്ങളില്‍ 28 ദിവസത്തിന് ശേഷവും കൊവിഡ് വൈറസിനെ കണ്ടെത്താനായി. ഗ്ളാസ്, പോളിമര്‍ നോട്ട്, സ്‌റ്റെയിന്‍ലെസ് സ്‌റ്റീല്‍, വിനൈല്‍, പേപ്പര്‍ നോട്ടുകളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഇതിനര്‍ത്ഥം സാര്‍സ് കോവിഡ് വൈറസിന് കരുതിയതിലും കൂടുതല്‍ കാലം രോഗം പരത്താന്‍ ശേഷിയുണ്ടെന്നാണ്.ഇത് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കരുതുന്നതായും ഗവേഷണത്തിലുണ്ട്.


കോട്ടണ്‍, ബാങ്ക് നോട്ടുകള്‍, പ്ളാസ്‌റ്റിക് ബാങ്ക് നോട്ടുകള്‍ എന്നിങ്ങനെ മിനുസമുള‌ള പ്രതലത്തില്‍ ഇന്‍ഫ്ളുവന്‍സ എ വൈറസിന് 17 ദിവസത്തോളം നിലനില്‍ക്കാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിപ്പേര്‍ഡ്‌നസ് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തലുകള്‍. അതിനാല്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ വൈറസ് സാന്നിദ്ധ്യമുള‌ള മിനുസമുള‌ള പ്രതലങ്ങള്‍ നിരന്തരം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ശേഷം കൈകള്‍ സോപ്പോ സാനി‌റ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വൈറസിന്റെ സമ്ബര്‍ക്കം വരുന്ന പ്രതലം വൃത്തിയാക്കേണ്ടതിന്റെയും ആവശ്യകത ഉയര്‍ത്തുന്നുണ്ട് ഈ പഠനം.


മേയ് മാസത്തില്‍ 'ദി ലാന്‍സെ‌റ്റ്' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തില്‍ നാലോ ഏഴോ ദിവസങ്ങള്‍ക്ക് ശേഷം മിനുസമുള‌ള പ്രതലത്തില്‍ നിന്ന് കൊവിഡ് രോഗാണു സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല. മിനുസമില്ലാത്ത പ്രതലങ്ങളില്‍ മൂന്ന് മണിക്കൂറിന് ശേഷം വൈറസിനെ കണ്ടെത്തിയില്ല. തടിയിലോ തുണികളിലോ രണ്ട് ദിവസത്തിന് ശേഷം വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ല എന്നും അന്ന് പഠനത്തില്‍ പറഞ്ഞിരുന്നു. സര്‍ജിക്കല്‍ മാസ്‌കുകളില്‍ ഏഴ് ദിവസം വരെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠനത്തിലുണ്ടായിരുന്നു. രണ്ട് പഠനങ്ങളും വ്യത്യാസമുണ്ടെങ്കിലും മിനുസമുള‌ള പ്രതലങ്ങളില്‍ കൊവിഡ് രോഗാണുവിന് കൂടുതല്‍ നിലനില്‍ക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.


എന്നാല്‍ ചൂട് കൂടുന്നതിനനുസരിച്ച്‌ വൈറസ് നിലനില്‍ക്കുന്നതില്‍ കുറവ് വന്നിരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 20 ഡിഗ്രിയില്‍ 28 ദിവസം നിലനിന്ന കൊവിഡ് രോഗാണു 30 ഡിഗ്രി താപനിലയില്‍ ഏഴ് ദിവസവും 40 ഡിഗ്രിയ്‌ക്ക് മുകളില്‍ 24 മണിക്കൂറും മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പറയുന്നു. 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് കാലാവസ്ഥ വര്‍ദ്ധിപ്പിച്ചപ്പോള്‍ അഞ്ച് മിനിട്ടിനകം വൈറസ് നശിച്ചുപോയിരുന്നു. എന്നാല്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നിലനില്‍ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ കണ്ടെത്തി. വരുന്ന ഉഷ്‌ണകാലം വൈറസിന് വളരെ നിര്‍ണായകമാകാമെന്നാണ് ഇതിലൂടെ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നല്‍കുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K