11 October, 2020 09:36:49 PM
സ്വപ്‌ന വ്യാജസര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത് ശിവശങ്കറും ഉന്നതരും അറിഞ്ഞുകൊണ്ട്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറിവോടെയെന്ന സൂചന നല്‍കി പോലീസ് റിപ്പോര്‍ട്ട്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ജോലി സമ്പാദിച്ചതിനെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സിനു കൈമാറുന്നു. ഉത്തരവ് ഇന്നുണ്ടായേക്കും.
സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയതിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഹൈടെക് തട്ടിപ്പു സംഘമെന്ന് പോലീസിന്റെ സൂചന. വ്യാജ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്നു സ്ഥാപിക്കാനായി വെബ്‌സൈറ്റും വ്യാജമായി തയാറാക്കി. സ്വപ്‌നയ്ക്കു ജോലി ലഭിക്കാന്‍ സഹായിച്ച ഐടി വകുപ്പിലെ ഉന്നതര്‍ക്ക് ഇതെല്ലാം അറിവുണ്ടായിരുന്നെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയില്‍നിന്ന് 2011-ല്‍ ബി.കോം. ബിരുദം നേടിയെന്നാണ് സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റ്. സര്‍വകലാശാലയുടെ പേരിലുള്ള dbatu.ac.in എന്ന യഥാര്‍ഥ സൈറ്റിനു പകരം dbatechuni.org.in എന്ന പേരില്‍ വ്യാജ സൈറ്റ് ചമച്ചാണ് സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് വരുത്തിത്തീര്‍ത്തത്. സര്‍വകലാശാലയുടെ പേരും മുദ്രയും ഉള്‍പ്പെടെ ഉപയോഗിച്ചാണു വെബ്‌സൈറ്റ് തയാറാക്കിയത്.
സ്വപ്‌നയുടെ ബി.കോം. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മഹാരാഷ്ട്ര ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് അവര്‍ ബിരുദമെടുത്തിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന നിലയ്ക്ക് ശിവശങ്കറിനു പങ്കുണ്ടാകാനുള്ള സാധ്യതയും അന്വേഷിക്കും. മൂന്നു ലക്ഷം രൂപ മാസശമ്പളത്തിലാണ് സ്‌പേസ് പാര്‍ക്കില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററായി സ്വപ്‌നയെ നിയമിച്ചത്.
ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഗൂഢസംഘം സ്വപ്‌നയെ സഹായിച്ചെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അഴിമതി നിരോധനനിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുനീഷ് ബാബു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ സ്‌പേസ് പാര്‍ക്ക് ജോലിയില്‍ സ്വപ്‌ന 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. സ്വപ്‌നയെ ജോലിക്കു ശിപാര്‍ശ ചെയ്തതിനു കണ്‍സള്‍ട്ടന്‍സി കരാറുകാരായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി), ഇടനില കമ്പനിയായ വിഷന്‍ ടെക്‌നോളജി എന്നിവരെയും പ്രതിയാക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.