10 October, 2020 06:27:08 PM
സ്വപ്നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ; ഒരു വര്‍ഷത്തേക്ക് പുറംലോകം കാണില്ല
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. കോഫെപോസെ ചുമത്തിയാല്‍ ഒരു വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെക്കാം. ഈ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് സ്വപ്നയേയും സന്ദീപിനെയും കരുതതല്‍ തടങ്കലില്‍ വയ്ക്കാനാണ് കേന്ദ്ര കോഫെപോസ സമിതിയുടെ ഉത്തരവ്. കോഫെപോസ ചുമത്താന്‍ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നല്‍കി. കസ്റ്റംസ് ഇരുവരുടേയും അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും.
സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലിലെത്തി. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിക്കാത്തതിനാല്‍ അവരിപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
അതേസമയം അനധികൃതമായി വിദേശ കറന്‍സി കടത്താന്‍ സഹായിച്ചതിന് സ്വപ്നയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ഒരുലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സഹായിച്ചെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചതിനായിരിക്കും പുതിയ കേസ്. സ്വപ്ന വന്‍ തുകകള്‍ ഡോളറിലേക്ക് മാറ്റിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.