08 October, 2020 03:19:54 PM
ലാവ്‌ലിന്‍ കേസില്‍ ഇടപെടണമെങ്കില്‍ ശക്തമായ വസ്തുത വേണമെന്ന് സുപ്രീംകോടതി ; കേസ് 16 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: വിചാരണകോടതിയും ഹൈക്കോടതിയും ഒരേ വിധി പ്രസ്താവിച്ച കേസില്‍ ഇടപെടണമെങ്കില്‍ ശക്തമായ വസ്തുത വേണമെന്ന് ലാവ്‌ലിന്‍ കേസില്‍ സിബിഐയോട് സുപ്രീംകോടതി. കേസിന്റെ വാദം കേള്‍ക്കുന്നത് ഒക്‌ടോബര്‍ 16 ലേക്ക് മാറ്റി.
പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന വാദമുയര്‍ത്തിയാണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചത്. സിബിഐയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരി രംഗ അയ്യരുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു ഹാജരായത്. പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വേയും എത്തി.
വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍, ഞങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു ലളിത് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. കേസില്‍ വിശദമായ സത്യവാങ്മൂലം സിബിഐ സമര്‍പ്പിക്കണം.