08 October, 2020 12:40:59 PM
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതി 540 ദിവസത്തിനു ശേഷം ജയിൽ മോചിതനായി
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തിച്ചെന്ന കേസിൽ അറസ്റ്റിലായ ആൾ ജയിൽ മോചിതനായത് 540 ദിവസത്തിനു ശേഷം. കേസിൽ കഴിഞ്ഞമാസം കോടതി വിട്ടയച്ചെങ്കിലും ആരും ജാമ്യത്തിൽ എടുക്കാത്തതിനാൽ ജയിലിൽ കഴിയേണ്ടി വന്നു. മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി (54) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു മോചിതനായത്.
എ.എം.ആരിഫിന്റെ മണ്ണഞ്ചേരിയിലെ പ്രചാരണ ഓഫിസ് കത്തിച്ചെന്ന കേസിലാണ് ജോഷി അറസ്റ്റിലായത്. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി കഴിഞ്ഞ മാസം 17ന് വിട്ടയച്ചെങ്കിലും മറ്റ് രണ്ട് കേസുകളുണ്ടായിരുന്നതിനാൽ ജയിലധികൃതർ മോചിപ്പിച്ചില്ല. ആ കേസിൽ ഒരു വർഷത്തെ തടവ് ഇന്നലെ തീർന്നു. പക്ഷേ പിഴയായി 1000 രൂപ അടച്ചില്ലെങ്കിൽ 10 ദിവസം കൂടി തടവ് അനുഭവിക്കണമെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്.
തുടർന്ന് ചോറ്റാനിക്കരയിലുള്ള സഹോദരൻ സഹജൻ പിഴത്തുക അടച്ചു. ഇതോടെയാണ് ജോഷിയുടെ ജയിൽ മോചനം സാധ്യമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2ന് തിരുവനന്തപുരത്ത് നിന്നുള്ള വൈക്കം ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണ് ജോഷി എത്തിയത്. ജോഷിക്ക് മറ്റു കേസുകളില്ലെന്ന് ഭാര്യ ഓമന ജില്ലാ നിയമ സേവന അതോറിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ജോഷി ജയിലിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.