03 October, 2020 11:38:33 PM
കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. നേരത്തെ ലഭിച്ചിരുന്ന നിര്‍ദ്ദിഷ്ട ഓഫ് ഇനി ലഭിക്കില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മാര്‍ഗ്ഗരേഖ പിന്തുടര്‍ന്നാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇനി അവധി ലഭിക്കില്ല.
ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ക്ക് തുല്യമാക്കി. എന്നാല്‍ കോവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍. നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡിന് തീരുമാനിക്കാം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. അശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദ്ദേശമാണെന്നാണ് വിമര്‍ശനം. കൂടുതല്‍ ജോലി ചെയ്യിക്കാനുള്ള സര്‍ക്കാര്‍ നടപടിയാണിതെന്നും ആരോഗ്യ മന്ത്രിയെ നേരിട്ട് കാണുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.