02 October, 2020 07:45:11 AM
കോവിഡ് വാക്സിൻ എത്തിയാലും ജീവിതം ഉടൻ സാധാരണ നിലയിലാവില്ലെന്ന് വിദഗ്ധർ
ലണ്ടൻ: കോവിഡിനെതിരായ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാലും അടുത്ത മാർച്ച്-ഏപ്രിൽ മാസങ്ങളിൽപോലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധർ. മാർച്ചിൽ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ലണ്ടൻ റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിൽ എത്തിയാൽ തന്നെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഇതിനർഥമില്ല. എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതൽ ഒരു വർഷംവരെ എടുക്കാം. 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നാണ് ഇതിനർഥം. വാക്സിൻ നിർമിക്കുന്നതിൽ ഗുരുതരമായ വെല്ലുവിളികൾ ഉണ്ട്. നിർമാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങൾ, വാക്സിനുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങൾ, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് വെല്ലുവിളി.
വൈറസിനെ നിയന്ത്രിക്കാൻ വാക്സിൻകൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങൾ കുറച്ചുനാളുകൾ കൂടി തുടരണമെന്നും വിദഗ്ധർ പറയുന്നു. കോവിഡിനെതിരായ വാക്സിൻ നിർമിക്കാൻ ലോകത്ത് നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് പ്രവർത്തിക്കുന്നത്. 11 വാക്സിനുകളെങ്കിലും മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലുമാണ്. ഈ വർഷം ഫലപ്രദമായ വാക്സിൻ ഈ വർഷം കണ്ടെത്തിയാൽ വാക്സിനേഷൻ അടുത്ത വർഷം ആദ്യം ആരംഭിക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.