01 October, 2020 08:43:29 AM
കസ്റ്റംസ് പരിശോധന: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
മലപ്പുറം: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘമാണ് ഇടത് കൗണ്‍സിലര്‍ ആയ ഫൈസലിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുന്‍പും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായിരുന്നു ഫൈസല്‍.
പോണ്ടിച്ചേരിയില്‍ വ്യാജമേല്‍വിലാസത്തില്‍ മിനി കൂപ്പര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് കടത്തിയതില്‍ നികുതി വെട്ടിപ്പ് നടന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് 7.75 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതേതുടര്‍ന്ന് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച്, ഡി.ആര്‍.ഡി.ഐ അന്വേഷണവും നടത്തിയിരുന്നു. 2017ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രത യാത്രയ്ക്ക് ഫൈസലിന്റെ മിനി കൂപ്പര്‍ ഉപയോഗിച്ചത് വിവാദത്തിലായിരുന്നു.