27 September, 2020 02:47:39 PM
ലൈഫ്മിഷന്‍; ക്രമക്കേട് ഗുരുതരം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും; മന്ത്രിമാരെയും ചോദ്യം ചെയ്യും
തൃശൂര്‍: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. പ്രഥമദൃഷ്ടിയില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിക്കാനൊരുങ്ങുകയാണ് സിബിഐ. നിലവില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൂടുതല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ അന്വേഷണസംഘത്തിന്‍റെ ഭാഗമാകും. കൊച്ചി യൂണിറ്റിനു പുറമേ തിരുവനന്തപുരം യൂണിറ്റും അന്വേഷണത്തില്‍ പങ്കാളികളാകും. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഈ കേസില്‍ ചോദ്യം ചെയ്യുന്നത് തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
വിവാദമായ ഫണ്ട് കൈപ്പറ്റാനുള്ള കരാര്‍ റെഡ്ക്രസന്‍റുമായി ഒപ്പുവച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ പ്രതിയാകുമോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. പദ്ധതി നടത്തിപ്പിന്‍റെ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാരെയും ചോദ്യം ചെയ്യും. നിലവില്‍ മന്ത്രിമാരായ ഇ.പി. ജയരാജനും എ.സി. മൊയ്തീനുമാണ് അന്വേഷണ സംഘത്തിന്‍റെ പട്ടികയിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്. അതിഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഈ വകുപ്പിലുള്‍പ്പെടുന്നത്.
അതേസമയം, ക്രമക്കേടില്‍ ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്ക് സിബിഐക്ക് വ്യക്തമായിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് എന്നിവര്‍ പ്രതികളാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മറ്റുചില ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. നിലവിലെ പ്രതിപ്പട്ടികയില്‍ മൂന്നാം കക്ഷിയായി ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും മറ്റു ചിലരും എന്നു മാത്രമാണ് സിബിഐ രേഖപ്പെടുത്തിയിട്ടുള്ളതത്രേ. ഈ പട്ടികയിലേക്ക് ആരൊക്കെ വരും എന്നതാകും കേസില്‍ നിര്‍ണായകമാവുക. ഒന്നും രണ്ടും സ്ഥാനത്തുള്ള പ്രതികള്‍ നിര്‍മ്മാണ കരാര്‍ കമ്പനികളാണ്.