25 September, 2020 05:16:39 PM
ലൈഫ് മിഷന്‍ പദ്ധതി: ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്ത് സിബിഐ
കൊച്ചി: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേസെടുത്ത് സിബിഐ. വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരമാണ് കൊച്ചിയിലെ ആന്‍റി കറപ്ഷന്‍ യൂണിറ്റ് കേസെടുത്തത്. അതേസമയം ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കേസെടുത്തുവെന്ന വിവരം ഉള്‍ക്കൊളളിച്ചുളള റിപ്പോര്‍ട്ട് സിബിഐ നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിക്കായി വിദേശത്ത് നിന്ന് വന്ന പണം മറ്റ് കാര്യങ്ങള്‍ക്കായി വകമാറ്റിയെന്ന ആരോപണങ്ങളിലാണ് കേസ്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ അക്കര ലൈഫ് മിഷനില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐക്ക് പരാതി നല്‍കിയിരുന്നു.റെഡ് ക്രസന്റുമായുളള കരാര്‍ നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണം പോരാട്ടത്തിന് ശക്തിപകരുമെന്ന് പരാതി നല്‍കിയ അനില്‍ അക്കര എംഎല്‍എ പ്രതികരിച്ചു. വലിയ അഴിമതിയാണ് പുറത്ത് വരാനിരിക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങള്‍ക്ക് ഒന്നരമാസത്തിന് ശേഷം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റി ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളിലും അന്വേഷണം നടത്താനാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയും വിവാദങ്ങളില്‍ നിറയുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകളുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷന്‍ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സുഹൃത്തുക്കളും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. എന്നാല്‍ ഒമ്ബതു കോടിയോളം കമ്മീഷന്‍ ഇനത്തില്‍ മാറ്റിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ അവിശ്വാസത്തിനിടെ ആരോപിച്ചിരുന്നു. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായി ഒന്നരമാസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുന്നത്. വിജിലന്‍സ് അന്വേഷണമല്ല, സിബിഐ അന്വേഷണമാണ് വേണ്ടതെന്നാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്ന നിലപാട്.