23 September, 2020 02:00:54 PM
ലൈഫ് മിഷന്‍: വിജിലന്‍സിന്റെ അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല രാജി വെച്ചു
.
തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണപത്രത്തിന്റെ പകര്‍പ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് നല്‍കി. ധാരണപത്രം ആവശ്യപ്പെട്ട് രണ്ടു തവണ ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ലൈഫ് മിഷന്‍ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞൂ. സി.ബി.ഐ അന്വേഷണം തന്നെ വേണം. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഉടമ്പടിയാണ്. വിദേശരാജ്യവുമായി ബന്ധപ്പെട്ട കേസായതിനാല്‍ അത് അന്വേഷിക്കുന്നതില്‍ വിജിലന്‍സിനു പരിമിതിയുണ്ട്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐയ്ക്ക് കൈമാറണം. ലൈഫുമായി ബന്ധപ്പെട്ട അഴിമതി അല്ലെങ്കില്‍ കൊണ്ടുവരാന്‍ കഴിയില്ല.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും ചെന്നിത്തല ഉന്നയിച്ചു. ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പി.ഡബ്ല്യു.സിയെ ഒഴിവാക്കി. ഗതാഗതമന്ത്രി പോലും അറിയാതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നേരത്തെ അഴിമതി ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.