19 September, 2020 10:55:41 PM


ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: അതിതീവ്രമഴ; പ്രകൃതിക്ഷോഭങ്ങള്‍ക്കും സാധ്യത



തിരുവനന്തപുരം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയ്യാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിര്‍ദേശിച്ചു. ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.


ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ തീവ്രമായ രീതിയില്‍മഴയുണ്ടായി. ചിലയിടങ്ങളില്‍ കാറ്റും വീശി. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിതീവ്രമഴ അപകടസാധ്യത വര്‍ധിപ്പിക്കും. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്  പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടെന്നും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്. 


ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ എല്ലാവരും സഹകരിക്കേണ്ടതാണ്. 


ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.


കേന്ദ്ര സേനകള്‍ തയ്യാറാകുവാന്‍ നിര്‍ദേശം നല്‍കി. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവര്‍ തയ്യാറായിട്ടുണ്ട്. വായൂസേനയുടെ വിമാനങ്ങളും തയ്യാര്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K