19 September, 2020 10:46:08 PM
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്; 3781 പേര്‍ക്കും സമ്പര്‍ക്കംമൂലം രോഗബാധ
തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ 37,488 പേര്‍ കോവിഡ് പിടിപെട്ട് ചികിത്സയില്‍. ഇന്ന് സംസ്ഥാനത്ത് 4644 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേര്‍ മരണമടഞ്ഞു. 3781 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 47,452 സാമ്പിളുകള്‍ പരിശോധന നടത്തി. 2862 പേര്‍ രോഗവിമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. ഇന്നലെ മാത്രം ജില്ലയില്‍ 2,014 പേര്‍ രോഗനിരീക്ഷണത്തിലായി.
കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് കോവിഡ് അതിജീവനത്തിന്‍റെ ഈ അടയാളപ്പെടുത്തല്‍. 43 ദിവസം വെന്‍റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്‍റിലേറ്ററിന്‍റെയും ഡയാലിസിസ് യൂണിറ്റിന്‍റെയും സഹായം വിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
മത്സ്യ വില്‍പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐസിയുവിലും പിന്നീട് വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെന്‍റിലെറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പി നടത്തി.
ജൂലൈ 15ന് ടൈറ്റസ് കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്‍റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായി ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു.
സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃക ആയതിനാലാണ് ഇത് ഇവിടെ എടുത്തുപറയുന്നത്. ടൈറ്റസിനെ ചികിത്സിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കോവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് നടത്തുന്നത്. അതിനിടയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനു കൂടിയാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ വെള്ളിയാഴ്ച വരെ 55 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടായ പ്രാഥമിക സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാഹത്തിന് വലിയ തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കും.
ആലപ്പുഴ ജില്ലയില്‍ സജീവമായ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, ആറാട്ടുപുഴ, പുന്നപ്ര സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സ് വീതം നല്‍കും.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നനിലയില്‍ തുടരുന്നു.
ഇടുക്കിയില്‍ നെടുങ്കണ്ടം ടൗണ്‍ പൂര്‍ണ്ണമായി അടച്ചു. മത്സ്യ മൊത്തക്കച്ചവടക്കാരനും, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കങ്ങളില്‍ ഒന്നാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3,000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുമളി എട്ടാംമൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമേട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.
എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പര്‍ക്ക വ്യാപനം ഉണ്ട്. 42 ക്ലസ്റ്ററുകളില്‍ 28 വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍ക്കായി ഐസിഡിഎസ് സഹകരണത്തോടെ മുട്ടം എസ്സിഎംഎസ് കോളേജില്‍ പുതിയൊരു എഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് 534 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയിലെ എഴുപതോളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.
പാലക്കാട് ജില്ലയില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് ദിനംപ്രതി അയ്യായിരത്തിലധികം സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. 6681 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും വടകര, ചോറോട് ക്ലസ്റ്ററുകളിലുമാണ് കൂടുതല്‍ രോഗികളുള്ളത്. വെള്ളയില്‍ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 76 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 412 പേര്‍ക്കാണ് പോസിറ്റീവായത്.
വയനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്ട് നിലവിലുള്ള തീരദേശ ക്ലസ്റ്ററുകളില്‍ നിന്നും പലരും പരിശോധനയ്ക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്‍റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി നമ്മുടെ രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്‍റെ നിഗമനം. ഗവേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 വിന്‍റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ (A 2 a) ആണെന്ന് നിര്‍ണ്ണയിക്കുവാനും സാധിച്ചു. വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്.
അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില്‍ എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറിയേ തീരൂ എന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.