17 September, 2020 08:01:04 PM


എന്‍ഐഎ വിളിപ്പിച്ചത്‌ സാക്ഷി മൊഴി രേഖപ്പെടുത്താന്‍ - മന്ത്രി കെ ടി ജലീല്‍



കൊച്ചി: ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എന്‍ഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നല്‍കിയ മൊഴി അന്വേഷണ ഏജന്‍സിക്കും തൃപ്തികരമാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങള്‍ മലപ്പുറത്ത് വിതരണം ചെയ്യാന്‍ നല്‍കിയതു സംബന്ധിച്ച വിവരങ്ങളാണ് എന്‍ഐഎക്ക്  കൈമാറിയതെന്നും മന്ത്രി പറഞ്ഞു.



വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 3. 30 ഓടെ പൂര്‍ത്തിയായി. അഞ്ചോടെ മന്ത്രി എന്‍ഐഎ ആസ്ഥാനത്തുനിന്ന് മടങ്ങി. ഡിവൈഎഎസ്പി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയില്‍നിന്ന് മൊഴിയെടുത്തത്. മത ഗ്രന്ഥങ്ങളും റമദാന്‍ സക്കാത്തും കൈമാറുന്നതിന്‍റെ ഭാഗമായി കോണ്‍സുലേറ്റുമായി നടത്തിയ ആശയ വിനിമയത്തിന്‍റെ വിവരങ്ങളും തേടി. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും വിവരം ആരാഞ്ഞില്ലെന്നാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്. 



ഉച്ചയോടെ തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. എന്നാല്‍ പലഭാഗത്തും പ്രതിഷേധത്തിന്‍റെ പേരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എന്‍ഐഎ ആസ്ഥാനത്തുനിന്ന് മന്ത്രിയുടെ മടക്കം വൈകി. അഞ്ചോടെയാണ് അദ്ദേഹം സ്വകാര്യ വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ പുറത്തേക്ക് പോയത്. എറണാകുളം ഗസ്റ്റ്ഹൗസില്‍ എത്തി വിശ്രമിച്ച ശേഷം മലപ്പുറത്തേക്ക് തിരിച്ചു. മന്ത്രി എന്‍ഐഎ ആസ്ഥാനത്ത് എത്തിയതിനെതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസും യുവ മോര്‍ച്ചയും പുറത്ത് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. എന്നാല്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നതിനാല്‍ വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല. 


കോണ്‍ഗ്രസ്, ബിജെപി നേതൃത്വം നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്‍റും മന്ത്രിയില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. റംസാന്‍ കാലത്ത് കോണ്‍സുലേറ്റ് ഖുറാന്‍ കോപ്പികള്‍ കൈമാറിയതിനെ നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിച്ച്‌ അന്വേഷണമാവശ്യപ്പെട്ടാണ് പ്രതിപക്ഷം പരാതി നല്‍കിയിരുന്നത്. എന്നാല്‍ കെ ടി ജലീല്‍ നല്‍കിയ വിവരങ്ങള്‍ സാക്ഷിമൊഴിയായി രേഖപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലൊന്നും മന്ത്രി പ്രതിസ്ഥാനത്ത് വരില്ലെന്ന് വ്യക്തമായതായും യഥാര്‍ഥ പ്രതികള്‍ക്കെതിരായ തെളിവായി മന്ത്രിയുടെ മൊഴി മാറുമെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K